Kerala

കാട്ടാന ആക്രമണം; അഞ്ച് കൊല്ലത്തിനിടെ കണ്ണൂരിൽ മാത്രം പൊലിഞ്ഞത് എട്ട് ജീവനുകൾ

വന്യമൃഗങ്ങളോട് പടപൊരുതിയും , പ്രാണൻ കയ്യിൽ പിടിച്ചുമാണ് മലയോര മേഖലകളിലെ കർഷകരും ആദിവാസികളും ജീവിക്കുന്നത്.വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാവാത്തതിനാൽ രാപ്പകലെന്നില്ലാതെ ആനകൾ നാട്ടിലേക്കിറങ്ങുകയാണ്.നാട്ടിൽ ഇറങ്ങുന്ന ആനകളെ വനപാലകർ കഠിന പരിശ്രമത്തിലൂടെ വീണ്ടും കാട് കയറ്റുന്നുണ്ടെങ്കിലും, അവ വരുത്തിവയ്ക്കുന്ന നാശ നഷ്ടങ്ങൾക്കും കവരുന്ന ജീവനുകൾക്കും ആര് സമാധാനം പറയും എന്നതാണ് ഉയരുന്ന ചോദ്യം. വിരട്ടി ഓടിക്കലുകൾ തുടരുന്നുണ്ടങ്കിലും മലയോര മേഖലയിൽ വന്യമൃഗങ്ങൾ യദേഷ്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന നിത്യസംഭവമായി മാറിയിരിക്കുകയാണ്.

സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽ കാപെടുന്നത്. ബൈക്ക് ഇട്ട് ഓടാൻ തുടങ്ങുന്നതിന് മുന്നെ തുമ്പിക്കൈകൊണ്ടുള്ള ആദ്യ പ്രഹരം വിനോദന് നേരെ വീണു. വേദന കിനിഞ്ഞിറങ്ങുന്ന മുറിവുകളുമായി ജീവിതം തള്ളിനീക്കുകയാണ് ഈ പ്രവാസി ഇപ്പോൾ.

ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ കൊമ്പനാണ് വിനോദൻറെ ജീവിതം തകർത്തതെങ്കിൽ കർണാടക വനത്തിൽ നിന്നെത്തിയ ആനയാണ് കഴിഞ്ഞ ദിവസം വള്ളിത്തോട് സ്വദേശി ജസ്റ്റിന്റെ ജീവൻ എടുത്തത്. മലയോരത്തെ കർഷകരുടെയും ആദിവാസികളുടെയും പിന്നിൽ നിഴൽ പോലെ മരണം പിന്തുടരുന്നത്.

കഴിഞ്ഞ വർഷം നവംറിൽ കടയിൽ പോയി മടങ്ങുമ്പോൾ ആറളം ഫാമിലെ പതിനേഴുകാരൻ വിബീഷ് കൊമ്പന്റെ മുമ്പിൽ പെട്ടു. നിലവിളി തൊണ്ടയിൽ നിന്നും പുറത്തുവരും മുമ്പെ പെരുംകാല് പതിനേഴുകാരന്റെ നെഞ്ചുംകൂട് തകർത്തു. മാർച്ചിൽ ആഗസ്തിയെന്ന കർഷനെ കാട്ടാന കൊമ്പിൽ കുരുക്കി. ഏപ്രിലിൽ ജീവൻ നഷ്ടമായത് ഫാമിലെ തൊഴിലാളിയായ ദന്തപാലൻ നാരായണന്റേത്.

2018 ഒക്ടോബറിൽ ആറളത്തെ കുടിലിൽ ഉറങ്ങുകയായിരുന്ന ദേവൂ കാര്യാത്തെന്ന ആദിവാസി വയോധികനെ ആന ചവിട്ടിക്കൊന്നു. 2017 ഫെബ്രുവരിയിൽ ആദിവാസി മൂപ്പൻ ഗോപാലനായിരുന്നു കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഒരുമാസമിപ്പുറം ജനുവരിയിൽ കേളകത്തെ ബിജുവും പെരും ചവിട്ടിൽ പ്രാണൻ വെടിഞ്ഞു.

എന്നാൽ കാട്ടാന ആക്രമണത്തിൽ നടുതളർന്ന് കിടപ്പിലായവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണ്. ആറളം ഫാമിൽ മാത്രം നാൽപതിലേറ ആനകളാണ് രാവും പകലും ചുറ്റിക്കറങ്ങുന്നത്.ഓരോ ആക്രമണത്തിന് ശേഷവും വിധിയെ പഴിച്ചും സമരം നടത്തിയും മലയോരത്തെ ജനങ്ങൾ ജീവിതം തള്ളിനീക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *