Kerala

കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കും: മന്ത്രി പി.രാജീവ്

എറണാകുളം: കേരളത്തിൽ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നതെല്ലാം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. നിയമാനുസൃതമായ എല്ലാം അനുവദിച്ചു നൽകും. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാനും സർക്കാർ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 111 പഴയ നിയമങ്ങൾ റദ്ദുചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

രായമംഗലം പഞ്ചായത്തിൽ സ്റ്റീൽ ഫർണീച്ചർ ക്ലസ്റ്റർ കോമൺ ഫസിലിറ്റി സെൻ്ററിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൻ്റെ വളർച്ചയിൽ ചെറുകിട ഇടത്തര സൂക്ഷ്മ സംരംഭകർക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വർഷം കൊണ്ട് 100 ശതമാനം വർധനവ് ആണ് മേഖലയിലുണ്ടായത്. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 3200 പുതിയ ചെറുകിട ഇടത്തര സൂക്ഷ്മ സംരംഭങ്ങൾ സംസ്ഥാനത്തു വന്നു. പല സംരംഭകർക്കും ഏത് സംരംഭം തുടങ്ങണമെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകില്ല. തുടങ്ങി കഴിഞ്ഞതിനു ശേഷമായിരിക്കും ഉല്പന്നത്തിന് വേണ്ട പ്രതികരണം ലഭിക്കാതെ പോകുന്നത്. അത് നഷ്ടത്തിലേക്ക് എത്തിക്കും. ഇത്തരക്കാർക്കു വേണ്ടിയാണ് സർക്കാർ ടെക്‌നോളജി ക്ലിനിക്കുകൾ ആരംഭിക്കുന്നത്. ഇതു വഴി കൃത്യമായ മാർഗ നിർദ്ദേശങ്ങൾ സംരംഭകന് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഇൻഡസ്ട്രിയൽ ക്ലിനിക്കുകളും ആരംഭിക്കാൻ ലക്ഷ്യമിടുന്നുണ്ട്. നഷ്ടത്തിലായ സംരംഭങ്ങൾ കണ്ടെത്തി സംഭവിച്ച വീഴ്ചകൾ പരിഹരിക്കുകയാണ് ലക്ഷ്യം. ആവശ്യമായ മാർഗനിർദ്ദേശങ്ങൾ വിദഗ്ധരുടെ നേതൃത്വത്തിൽ കൈമാറി അതുവഴി സംരംഭം വിജയത്തിലെത്തിക്കാൻ ശ്രമിക്കും. സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പരാതി പരിഹാര കേന്ദ്രങ്ങളും സ്ഥാപിക്കുകയുണ്ടായി. പരാതി ലഭിച്ച് 30 ദിവസത്തിനകം തീർപ്പു കൽപിക്കുന്ന സംവിധാനമാണ് ഇത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം എസ് എം ഇ യൂണിറ്റുകൾ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത എം.എസ്.എം.ഇ കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ പറഞ്ഞു. കേരളത്തിനായി 203 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. 119.65 കോടി രൂപ കേന്ദ്ര സർക്കാർ ഗ്രാന്റായും അനുവദിച്ചു. 12 ഫസിലിറ്റി സെൻ്ററുകൾ കമീഷൻ ചെയ്തു കഴിഞ്ഞു. മൂന്ന് കോമൺ ഫസിലിറ്റി സെൻ്ററുകളുടെ നിർമ്മാണം കേരളത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹന്നാൻ എംപി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ , ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു. പി.എബ്രഹാം ,രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് അജയ് കുമാർ, തൃശൂർ എം.എസ്.എം.ഇ മേധാവി എസ്.പ്രകാശ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *