Kerala

തൃക്കാക്കര നഗരസഭയിൽ ഇന്ന് അവിശ്വാസപ്രമേയം

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഇന്ന് അവിശ്വാസപ്രമേയം. പാർട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ അവിശ്വാസം കോൺഗ്രസ് നേതൃത്വത്തിൻ്റെ ആശങ്ക വർധിപ്പിക്കുന്നു. ഓണസമ്മാനത്തിനൊപ്പം ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണായ അജിത തങ്കപ്പൻ പണം നല്‍കിയെന്നതാണ് വിവാദത്തിന് തുടക്കം കുറിച്ചത്. യ ഇതിന് പിന്നാലെയാണ് അധ്യക്ഷക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ പാർട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചു എന്ന ആശ്വാസത്തിലാണ് യുഡിഎഫ്.

വിമത ഭീഷണി ഉയര്‍ത്തിയ മൂന്ന് മുസ്ലീം ലീഗ് അംഗങ്ങളെ ഉള്‍പ്പെടെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വത്തിനായെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിം ലീഗിന്റെ 3 കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുമ്പോള്‍ വിട്ടു നില്‍ക്കും. ഡിസിസി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമായത്. മുന്നണിയിലെ തര്‍ക്കങ്ങള്‍ തൃക്കാക്കരയില്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന നിലയിലെത്തിയതോടെ പ്രശ്‌ന പരിഹാരത്തിന് കോണ്‍ഗ്രസ് എറണാകുളം ജില്ലാ നേതൃത്വം തന്നെ രംഗത്ത് എത്തുകയായിരുന്നു.

ത്യക്കാക്കര നഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പെനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാനിരിക്കെ സമ്മര്‍ദ നീക്കം എന്ന നിലയിലായിരുന്നു മുസ്ലീം ലീഗിലെ ഒരു വിഭാഗം രംഗത്തെത്തിയത്. അഞ്ച് അംഗങ്ങളാണ് തൃക്കാക്കരയില്‍ മുസ്ലീംലീഗിനുള്ളത്. ഇതില്‍ മൂന്ന് പേരാണ് വിമത സ്വരം ഉയര്‍ത്തി രംഗത്ത് എത്തിയത്. ലീഗ് വിളിച്ച് ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഈ മൂന്ന് പേര്‍ വിട്ടു നിന്നിരുന്നു. നഗരസഭയില്‍ സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനം വേണമെന്നാണ് ലീഗ് അംഗങ്ങളുടെ ആവശ്യം. മുനിസിപ്പാലിറ്റിയില്‍ മുന്നണി സംവിധാനം പ്രതിസന്ധി നേരിടുമ്പോള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് ലീഗിലെ വിമത നീക്കം എന്നാണ് വിലയിരുത്തല്‍.

അതേസമയം, നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തങ്ങളുടെ കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കി. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിപ്പ് കൈമാറിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *