സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൻറെ ഫലം പുറത്ത്.വോട്ടെണ്ണൽ രാവിലെ പത്ത് മണിയോടെയാണ് തുടങ്ങിയത്.തിരഞ്ഞെടുപ്പ് 11 പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മൂന്ന് മുൻസിപ്പാലിറ്റി വാർഡിലേക്കുമാണ് നടന്നത്.15 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – 7 എന്നതാണ് കക്ഷി നില.
* കണ്ണൂരിലെ ആറളം പത്താം വാർഡ് ഉപതിരെഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി യു.കെ.സുധാകരൻ 137 വോട്ടിന് ജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ഭരണത്തിലേറിയ എൽഡിഎഫിന് വീർപ്പാട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് നിർണായകമായിരുന്നു.
* വയനാട് സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പഴേരി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു..112 വോട്ടിന് സിപിഎമ്മിലെ എസ്.രാധാകൃഷ്ണൻ ഇവിടെ വിജയിച്ചു. ഇതോടെ ബത്തേരി നഗരസഭയിലെ കക്ഷിനില – എൽഡിഎഫ് – 24, യുഡിഎഫ് – 10, സ്വതന്ത്രൻ – 1 എന്ന നിലയിലായി.
* കോഴിക്കോട് ജില്ലയിലെ വളയം ഗ്രാമ പഞ്ചായത്തിലെ കല്ലുനിര വാർഡും എൽ ഡി എഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ഷബിന 196 വോട്ടിനാണ് ഇവിടെ ജയിച്ചത്.
* മലപ്പുറം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലീം ലീഗിലെ ഏലക്കാടൻ ബാബു 238 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.
* മലപ്പുറം ചെറുകാവ് പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ കെ.വി.മുരളീധരൻ 309 വോട്ടുകൾക്കാണ് വിജയിച്ചത്.
* മലപ്പുറം തലക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിച്ചു. സി.പി.എമ്മിലെ കെ.എം.സജ്ല 204 വോട്ടുകൾക്കാണ് വിജയിച്ചത്. സി.പി.എമ്മിൻ്റെ സിറ്റിംഗ് സീറ്റാണിത്.
* മലപ്പുറം വണ്ടൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോൺഗ്രസിലെ യു. അനിൽകുമാർ 84 വോട്ടിന് വിജയിച്ചു.
* എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വിജയം. ഇടത് സ്ഥാനാർഥി പി.വി. പീറ്റർ 19 വോട്ടുകൾക്ക് വിജയിച്ചു.
* കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാർഡിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷജി ബെസിക്ക് ജയം. എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുക്കുകയായിരുന്നു.
*മൂവാറ്റുപുഴ മാറാടി പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫിലെ രതീഷ് ചങ്ങാലിമറ്റം എൽഡിഎഫിലെ ബിനിൽ തങ്കപ്പനെ 91 വോട്ടിന് പരാജയപ്പെടുത്തി.
*വാരപ്പെട്ടി പഞ്ചായത്ത് 13-ാം വാർഡിൽ യുഡിഎഫിലെ ഷജി ബെസ്സി എൽഡിഎഫിലെ റിനി ബിജുവിനെ 232 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
* കോട്ടയം ജില്ലയിലെ എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിലെ ടോമി ഇടയോടിയിലിനെയാണ് ജയിംസ് തോൽപ്പിച്ചത്.
* ആലപ്പുഴ ജില്ലയിലെ മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾ തുല്യവോട്ട് നേടി സമനില പാലിച്ചു. ഇതേ തുടർന്ന് ഇവിടെ നറുക്കെടുപ്പ് നടത്തി എൽഡിഎഫിലെ ആൻ്റണിയെ വിജയിയായി പ്രഖ്യാപിച്ചു.
* പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം ( 20) വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്.
* തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിലെ പതിനാറാംകല്ല് വാർഡ് എൽഡിഎഫ് നിലനിർത്തി.സിപിഎമ്മിലെ വിദ്യാവിജയൻ 94 വോട്ടിന് ജയിച്ചു