Kerala

പഴനിയിൽ തീർത്ഥാടനത്തിന് പോയ കണ്ണൂർ സ്വദേശിയെ പീഡിപ്പിച്ച കേസ്; അന്വേഷണത്തിനായി പ്രത്യേക സംഘം

കണ്ണൂർ: പഴനിയില്‍ കണ്ണൂർ സ്വദേശിനി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. കഴിഞ്ഞ മാസം ജൂണ്‍ 19 നാണ് യുവതിയെ പഴനിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത്.

കേസില്‍ പഴനി പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ അവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡിജിപി അനില്‍കാന്ത് തമിഴ്‌നാട് ഡിജിപി സി. ശൈലേന്ദ്രബാബുവിനു കത്തെഴുതിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഡിണ്ടിഗല്‍ എസ്പി രമണിപ്രിയയുടെ നേതൃത്വത്തിലുള്ള സംഘം രൂപീകരിച്ചത്.

തീര്‍ഥാടനത്തിനായി പഴനിയിലേക്ക് ഭര്‍ത്താവിനോടൊപ്പം പോയ യുവതിയെ ഭര്‍ത്താവിന്റെ കണ്‍മുന്‍പില്‍ വച്ച് തന്നെ ലോഡ്ജ് ഉടമയും കൂട്ടാളികളും പീഡിപ്പിക്കുകയും യുവതിയുടെ ശരീരഭാഗങ്ങളില്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമാണ് ചെയ്തത്. യുവതി നിലവിൽ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുകയാണ്.

ദമ്പതികൾ ജൂൺ 20ന് പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവ് നൽകിയ പരാതി. ഭക്ഷണം വാങ്ങാൻ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ലോഡ്ജ് ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. അടുത്ത മുറിയിലേക്ക് ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പോലീസ് ഇടപെട്ടില്ലെന്നാണ് തമിഴ്നാട്-കേരള മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും യുവാവ് നേരത്തെ അയച്ച പരാതിയിൽ പറയുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *