Kerala Special

ഓമനച്ചേട്ടന് തുമ്പിക്കൈ ചുഴറ്റി വിടനൽകി ബ്രഹ്മദത്തൻ; കണ്ണീരിലാഴ്ത്തിയ വീഡിയോ

കാഴ്ച്ചക്കാരുടെ കണ്ണുകൾ നനയിക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.സ്വന്തം മകനെ പോലെ തന്നെ പരിപാലിച്ച ഓമനച്ചേട്ടന് അന്ത്യാഞ്ജലി അർപ്പിക്കാൻ പല്ലാട്ട് ബ്രഹ്മദത്തൻ ഗജവീരൻ എത്തിയ കാഴ്ചയായിരുന്നു അത്.രണ്ടു പ്രാവശ്യം ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകി കൊമ്പൻ പിന്നോട്ടു മാറിനിന്നു. ഈ കാഴ്ച കണ്ടവർ അലമുറയിട്ടു കരയുന്നതും വിഡിയോയിൽ കാണാം.

ആനപ്രേമികൾക്കിടയിൽ ഓമനച്ചേട്ടൻ എന്ന് വിളിപ്പേരുള്ള ദാമോദരൻ നായരുടെ മൃതദേഹം അവസാനമായി കണ്ടു വിടപറയാനെത്തിയതാണ് പല്ലാട്ട് ബ്രഹ്മദത്തൻ. കാൽനൂറ്റാണ്ടായി ബ്രഹ്മദത്തന്‍റെ നിഴലായിരുന്നു ദാമോദരൻ നായർ.ഓമനച്ചേട്ടൻ പാപ്പാനായിട്ട് അറുപത് വർഷം കഴിഞ്ഞു. ഇതിൽ ഇരുപത്തിനാല് വർഷത്തിലേറെ ബ്രഹ്മദത്തനൊപ്പമായിരുന്നു.

ഓമനച്ചേട്ടനെ അവസാനമായി കാണാനെത്തിയ ബ്രഹ്മദത്തൻ, കുറച്ചു നിമിഷത്തേക്ക് തന്‍റെ പ്രിയപ്പെട്ട പാപ്പാനെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. അപ്പോൾ ഓമനച്ചേട്ടന്‍റെ മകൻ രാജേഷ് അടുത്തെത്തി ബ്രഹ്മദത്തന്‍റെ കൊമ്പിൽ പിടിച്ചു കരഞ്ഞു. പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ഓമനച്ചേട്ടനെ നോക്കി തുമ്പിക്കൈ കൊണ്ടു വണങ്ങി.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ബിജു നിള്ളങ്ങൽ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു ഈ വീഡിയോ ആദ്യം വന്നത്. വെറും രണ്ടു മണിക്കൂറിനിടെ ആയിരകണക്കിന് ആളുകൾ ഈ വീഡിയോ ലൈക് ചെയ്യുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *