Kerala

മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ; 5,054 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 83 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 66 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച 5,054 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഇവരുള്‍പ്പെടെ ജില്ലയില്‍ ഇതുവരെ 1,95,163 പേരാണ് കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായത് ആശ്വാസകരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

66,932 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 50,215 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,518 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 283 പേരും 197 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 677 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 770 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇക്കാര്യത്തില്‍ പൊതുജന പങ്കാളിത്തവും പിന്തുണയും അനിവാര്യമാണ്. പൊതു സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ രോഗവ്യാപന സാധ്യത തിരിച്ചറിഞ്ഞ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *