Kerala

മലപ്പുറം ജില്ലയില്‍ 3,949 പേര്‍ക്ക് കൂടി രോഗബാധ; 3,224 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇന്ന് 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 32.03 ശതമാനമാണ് ഇന്ന് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,615 പേര്‍ക്കാണ് രോഗബാധ. 181 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 138 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

66,822 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,938 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,325 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 208 പേരും 111 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ 13 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

അതിനിടെ ജില്ലക്ക് ആശ്വാസമായി വെള്ളിയാഴ്ച 3,224 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗവിമുക്തരായവരുടെ എണ്ണം 1,48,732 ആയി . ജില്ലയില്‍ ഇതുവരെ 713 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *