Kerala

കടകള്‍ രാവിലെ ആറുമുതല്‍ രാത്രി 7.30വരെ;ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി, ഇളവുകള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സർക്കാർ പുറത്തിറക്കി.പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷ്യുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും.

അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ദിവസങ്ങളിൽ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.സായുധസേനാ വിഭാഗം, ട്രഷറി, സി. എന്‍. ജി, എല്‍. പി, ജി, പി. എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, എന്‍. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.

ആശുപത്രികള്‍ക്കും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.

പൊതുഗതാഗതം പൂർണമായും ഇല്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വീട്ടു ജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും യാത്രകൾക്ക് അനുമതിയുണ്ട്. വിമാന സർവീസും ട്രെയിൻ സർവീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം.

അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കേവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ 20 പേര്‍ക്ക് പങ്കെടുക്കാം. വിവരം മുന്‍കൂട്ടി പോലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തരചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

രോഗ വ്യാപനം കൈവിട്ട സാഹചര്യത്തിൽ ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *