Kerala

തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി; എൻഡിഎയിൽ പൊട്ടിത്തെറി, ബിഡിജെഎസിനെതിരെ മറ്റു ഘടകകക്ഷികൾ

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. ബിഡിജെഎസ് എല്‍ഡിഎഫിന് വോട്ടു മറിച്ചതായും എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം ഒഴിയാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഒഴിയണമെന്ന് ആവശ്യവുമായി കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് വിഷ്ണുപുരം ചന്ദ്രശേഖരന്‍. അല്ലാത്ത പക്ഷം അദ്ദേഹത്തെ പുറത്താക്കാന്‍ ബിജെപി നേതൃത്വം മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അതോടൊപ്പം കെ സുരേന്ദ്രനെതിരെയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നു.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

കെ. സുരേന്ദ്രന്‍ നയിച്ച യാത്രയില്‍ പോലും ഘടക കക്ഷികളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് ഉണ്ടായതെന്നും . ഉളള ഘടകകക്ഷികളെ പോലും ഒപ്പം നിര്‍ത്താനാവാഞ്ഞതും വലിയ പിഴവാണ്. പി സി തോമസിനെ പോലെ ഒരു മുതിര്‍ന്ന നേതാവിന് പോലും സീറ്റ് നല്‍കാതെ മുന്നണി വിടേണ്ട സാഹചര്യമുണ്ടാക്കിയത് അഭിലഷണീയമാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയുടെ ഉത്തരവാദിത്തം ഏതാനും നേതാക്കളില്‍ മാത്രം കെട്ടിവയ്ക്കുന്നതിലും കാര്യമില്ല. ബൂത്തുതലം മുതല്‍ തന്നെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് അടക്കം കഴിഞ്ഞത്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലും പിഴവുകളുണ്ട്. സുരേഷ്‌ഗോപിയോ ഇ ശ്രീധരനോ ആയിരുന്നു തിരുവനന്തപുരത്ത് മത്സരിച്ചിരുന്നതെങ്കില്‍ ജയം ഉറപ്പായിരുന്നും അദ്ദേഹം പറഞ്ഞു.

മുന്നണിക്കുള്ളില്‍ നിന്ന് അതിന് തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ബിജെപി നേതൃത്വത്തിന് കഴിയാതെ പോയി. മഞ്ചേശ്വരത്ത് മാത്രമായിരുന്നു കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നതെങ്കിലും ഫലം മറിച്ചാകുമായിരുന്നു. നേമത്ത് കെ. മുരളീധരന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ അത് ശിവന്‍കുട്ടിക്ക് ആകും ഗുണം ചെയ്യുകയെന്ന് കണ്ട് പ്രവര്‍ത്തനം ശക്തമാക്കാന്‍ കഴിഞ്ഞില്ല.
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പകരം രാഷ്ട്രീയ ആരോപണങ്ങളില്‍ മാത്രമാണ് നേതൃത്വം ശ്രദ്ധ ചെലുത്തിയത്. പിണറായി സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റ് അടക്കം കേന്ദ്രസഹായത്തോടെയായിട്ടും അതൊന്നും ജനത്തെ അറിയിക്കാന്‍ ബൂത്തുതല പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ല.ഇനി മൂന്നു വര്‍ഷം കഴിയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരും. രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കാനുള്ള നീക്കം ഫലം കണ്ടാല്‍ ഒരു പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പും.ഇപ്പോഴേ പ്രവര്‍ത്തനം ശക്തമാക്കിയാല്‍ അന്നു തീര്‍ച്ചയായും നിര്‍ണായക ശക്തിയായി മാറാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പോസ്റ്റിൽ പങ്കുവെയ്ക്കുന്നു.ഒപ്പം ബിഡിജെഎസ് തെറ്റുതിരുത്തി ഒപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പോസ്റ്റിൽ കുറിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *