Kerala

കോവിഡ് പ്രതിരോധം; നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി എറണാകുളം ജില്ല

എറണാകുളം: സംസ്ഥാനതലത്തില്‍ നടത്തിയ രണ്ട് ദിവസത്തെ ഊർജ്ജിത കോവിഡ് പരിശോധനാ ക്യാമ്പയിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയിന്‍റെ ഭാഗമായി 36390 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ടാം ദിനമായ ശനിയാഴ്ച 20180 പരിശോധനകളാണ് ജില്ലയിൽ നടന്നത്. ക്യാമ്പയിന്‍റെ ഭാഗമായി 30900 പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്. ജില്ലയിലെ ആരോഗ്യ വിഭാഗം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പറഞ്ഞു.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ ആരംഭിക്കുവാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പരിശോധനയില്‍ കോവിഡ് രോഗം സ്ഥിരീകരിക്കുന്നവര്‍ക്കായി ചികിത്സാ നിരീക്ഷണ സൗകര്യങ്ങള്‍ ആരോഗ്യ വിഭാഗം ഉറപ്പാക്കുന്നുണ്ട്. രണ്ട് ദിവസത്തെ പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ പൂര്‍ത്തിയായെങ്കിലും പതിവ് കോവിഡ് പരിശോധനകള്‍ ജില്ലയില്‍ തുടരും. സാധാരണ ദിവസങ്ങളില്‍ പ്രതിദിനം ഒൻപതിനായിരത്തിലധികം കോവിഡ് പരിശോധനകള്‍ ജില്ലയില്‍ നടത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ ഏറ്റവുമധികം കോവിഡ് പരിശോധന നടത്തുന്നത് എറണാകുളം ജില്ലിയിലാണ്.

കോവിഡിന്‍റെ അതിവ്യാപനം ചെറുക്കുന്നതിനായി തിരഞ്ഞെടുപ്പ് കാലത്തുള്‍പ്പെടെ ആള്‍ക്കൂട്ടവുമായി ബന്ധപ്പെട്ടവരെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കോവിഡിതര രോഗികളെയും കൂട്ടിരിപ്പുകാരെയുമടക്കം ഉള്‍പ്പെടുത്തിയായിരുന്നു രണ്ട് ദിവസത്തെ പ്രത്യേക കോവിഡ് പരിശോധനാ ക്യാമ്പയിന്‍. ക്യാമ്പയിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന പരിശോധനാ സംഘങ്ങള്‍, പൊതു, സ്വകാര്യ ആശുപത്രികള്‍, ലാബുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *