കണ്ണൂർ: കഥകളിരംഗത്ത് പ്രതിഭകൊണ്ടും പ്രതിബദ്ധതകൊണ്ടും വിസ്മയം തീർത്ത കലാകാരനായിരുന്നു ഗുരു ചേമഞ്ചേരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഥകളിയിലെ അതുല്യ ഗുരുവായ ചേമഞ്ചേരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കഥകളിയുടെ പ്രചാരത്തിനും ഇളംതലമുറയെ കഥകളി പരിശീലിപ്പിക്കുന്നതിനും ജീവിതം സമർപ്പിച്ച കലാകാരനായിരുന്നു ഗുരു. 1945-ൽ തലശ്ശേരിയിൽ സ്ഥാപിച്ച നാട്യവിദ്യാലയം ഉത്തര കേരളത്തിലെ ആദ്യ നൃത്തവിദ്യാലയമായിരുന്നു. പിന്നീട് ഒരുപാട് കലാസ്ഥാപനങ്ങൾ അദ്ദേഹം പടുത്തുയർത്തി. അനേകം കഥകളി-നൃത്തവിദ്യാലയങ്ങൾക്ക് പിന്തുണ നൽകി. കഥകളിയെ ജനങ്ങളിലെത്തിക്കാൻ വിദ്യാലയങ്ങൾതോറും കഥകളി അവതരിപ്പിച്ചു.
കുട്ടികളിൽ കഥകളി ആസ്വാദനശേഷി ഉണ്ടാക്കാൻ ഇത്രയധികം പ്രയത്നിച്ച മറ്റൊരു കലാകാരനില്ല. ശിഷ്യസമ്പത്തിൻറെ കാര്യത്തിലും ഗുരു അദ്വിതീയൻ തന്നെ. അദ്ദേഹം പഠിപ്പിച്ച് അനുഗ്രഹിച്ച കലാകാരൻമാർ ഇന്ന് കേരളത്തിലെമ്പാടും ഗുരുക്കന്മാരായി പുതുതലമുറയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങളിലും തലയെടുപ്പുളള ഗുരുവാണ് ചേമഞ്ചേരി. നൂറു വയസ്സ് പിന്നിട്ടശേഷവും അരങ്ങിൽ ഉറച്ച ചുവടുകൾ വെച്ച അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കണ്ടത്.
കഥകളി ആചാര്യൻ എന്ന നിലയിൽ മാത്രമല്ല, മഹാനായ മനുഷ്യസ്നേഹി എന്ന നിലയിലും കേരളം ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സംഭാവനകൾ എന്നും സ്മരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.