ചരിത്ര പ്രസിദ്ധമായ ആലുവ ശിവരാത്രി മഹോത്സവത്തിന് നാളെ തുടക്കമാകും.മണൽപ്പുറത്ത് ബലിതർപ്പണം കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തും.വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമുതല്‍ പകൽ 12 വരെ ബലിതര്‍പ്പണം നടത്തും.
ശിവരാത്രി നടത്തിപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിൽ 10 ഡിവൈഎസ്പിമാര്‍, 26 ഇന്‍സ്പെക്ടര്‍മാര്‍, 146 എസ്ഐമാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും നിരീക്ഷിക്കുന്നതിന് മഫ്തി പൊലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്ക്വാഡുമുണ്ട്.കൂടാതെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം മണപ്പുറത്ത് വ്യാഴാഴ്ച രാവിലെമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ മണപ്പുറത്ത് ഏര്‍പ്പെടുത്തി. ആംബുലന്‍സ് സര്‍വീസും ലഭ്യമാണ്.
സുരക്ഷയുടെ ഭാഗമായി മണപ്പുറത്തുള്ള അമ്പലത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ വഴിയോരക്കച്ചവടം അനുവദിക്കില്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ളവയുമായി എസ്ഐയുടെ നേതൃത്വത്തില്‍ ബോട്ടിൽ പട്രോളിങ് നടത്തും. ആലുവ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും 11, 12 തീയതികളിൽ മദ്യവില്‍പ്പനയും ഉപയോഗവും നിരോധിക്കും. ആലുവ മുനിസിപ്പാലിറ്റിയുടെ അതീനതയിൽ വരുന്ന പ്രദേശം 11ന് യാചകനിരോധന മേഖലയായി പ്രഖ്യാപിക്കും.കൂടാതെ വ്യാഴാഴ്ച പകൽ നാലുമുതല്‍ പിറ്റേന്ന് പകൽ രണ്ടുവരെ നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും.