Kerala

ബാർ കോഴ കേസ്:മുൻ മന്ത്രി കെ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്

കൊച്ചി : ബാര്‍കോഴക്കേസില്‍ മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച റിപ്പോർട്ട് വിജിലന്‍സ് സമർപ്പിച്ചു. മുൻ മന്ത്രിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല. ആരോപണങ്ങൾ തെളിയിക്കുന്നത്തിന് ആവശ്യമായ തെളിവുകളില്ലാത്തതിനാല്‍ കേസില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ സമർപ്പിച്ച അന്തിമറിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ബാബുവിനെതിരായത് വസ്തുതാവിരുദ്ധമായ കേസാണെന്നത് കണക്കിലെടുത്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.വിജിലന്‍സ് സെന്‍ട്രല്‍ റെയ്ഞ്ച് സൂപ്രണ്ടാണ് അന്തിമറിപ്പോര്‍ട്ട് സമർപ്പിച്ചിരിക്കുന്നത്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി എം രാധാകൃഷ്ണന്റെ പരാതിയിലാണ് കെ ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.

ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന്റെയും ബാറുകള്‍ക്ക് സമീപമുള്ള മദ്യവില്‍പ്പനശാലകള്‍ പൂട്ടുന്നതിന്റെയും മറവില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം ഉയർന്നത്. ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെ മാത്രമേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് മുൻ എക്സൈസ് മന്ത്രിയായിരുന്ന ബാബുവിനെതിരേ ഉന്നയിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *