Election Kerala

ലീഗ് കോട്ട പിടിക്കാൻ ബിജെപി; മലപ്പുറത്ത് അബ്ദുല്ലക്കുട്ടി എൻഡിഎ സ്ഥാനാർഥിയാവും

തിരുവനന്തപുരം: ലീഗ് കോട്ട ലക്ഷ്യമിട്ട് ബിജെപി തന്ത്രം.സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എപി അബ്ദുല്ലക്കുട്ടി എൻഡിഎ സ്ഥാനാർഥിയാവും. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കുന്നത് മണ്ഡലത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി നേതൃത്വത്തിൽ ധാരണയായി. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാർഥിത്വവും പാർട്ടി പ്രഖ്യാപിക്കും.

അബ്ദുല്ലക്കുട്ടി സ്ഥാനാർഥിയായി എത്തുന്നതിലൂടെ മലപ്പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 57.01 ശതമാനം വോട്ടുനേടിയാണ് മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. മുഖ്യ എതിരാളിയായ സിപിഎമ്മിലെ വിപി സാനുവിന് 31.87 ശതമാനം വോട്ടു മാത്രമാണ് നേടാൻ കഴിഞ്ഞത്. അബ്ദുല്ലക്കുട്ടി ഗോദയിലേക്ക് ഇറങ്ങുന്നതോടെ മുസ്ലിം ലീഗും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരം എന്ന പ്രതീതിയുണ്ടാക്കാനാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടികയിലും അബ്ദുല്ലക്കുട്ടിയുടെ പേരു ഉയർന്ന് വന്നെങ്കിലും മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതാവും കൂടുതൽ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിലാണ് ബിജെപി.

അബ്ദുല്ലക്കുട്ടി ആദ്യം ഇടതു മുന്നണിയെയും തുടർന്ന് യുഡിഎഫിനെയും പ്രതിനിധീകരിച്ച് എംപിയും എംഎൽഎയും ആയിരുന്നു. ഇടതു-വലതു മുന്നണികളുടെയും പ്രവർത്തന രീതിയെക്കുറിച്ച് നല്ല വ്യക്തതയുള്ളയാളാണ് അബ്ദുല്ലക്കുട്ടിയെന്ന് ബിജെപി നേതാക്കൾ പറയുന്നു.ഇരു മുന്നണികളുടെയും ഭരണത്തിൽ അസംതൃപ്തിയുള്ള വിഭാഗങ്ങളെ ആകർഷിക്കാൻ അബ്ദുല്ലക്കുട്ടിക്ക് കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *