കൊല്ലം: അഴിമതിയും തട്ടിപ്പും മുഖമുദ്രയാക്കിയ സർക്കാരാണ് പിണറായി വിജയൻ്റേതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ. പൊതുകടം ഇരട്ടിച്ചതാണ് ഇടതു സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. സിപിഎം അഴിമതി പ്രസ്ഥാനമായി മാറി. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ബിജെപി അധികാരത്തിൽ എത്തിയാൽ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും.
ആഴക്കടൽ മത്സ്യബന്ധന കരാർ മത്സ്യതൊഴിലാളികളെ ഒറ്റുകൊടുക്കലായിരുന്നു. കേന്ദ്ര സർക്കാർ മത്സ്യതൊഴിലാളികൾ വേണ്ടി പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ചപ്പോൾ സംസ്ഥാന സർക്കാർ അവരുടെ ഉപജീവനമാർഗം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. യുപിഎ ഭരണകാലത്ത് കേരളത്തിൽ നിന്നുള്ള എട്ട് മന്ത്രിമാർ ഉണ്ടായിട്ടും ആ സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൻ്റെ മൂന്നിരട്ടി ഫണ്ട് നരേന്ദ്രമോദി സർക്കാർ അനുവദിച്ചുവെന്നും അനുരാഗ് താക്കൂർ പറഞ്ഞു.