Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; എറണാകുളം കളക്ടറേറ്റില്‍ മാധ്യമ നിരീക്ഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കളക്ടറേറ്റിൽ ആരംഭിച്ച മാധ്യമ നിരീക്ഷണ കേന്ദ്രം എറണാകുളം കളക്ടർ ഉദ്ഘാടനം ചെയ്തു.

പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ, മുൻകൂർ അനുമതിയില്ലാതെയുള്ള പരസ്യ പ്രസിദ്ധീകരണം, സംപ്രേക്ഷണം എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കണക്കിൽ ഉൾപ്പെടുത്തുക, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ നൽകാനുള്ള രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നൽകുക തുടങ്ങിയവയാണ് മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ചുമതലകൾ.

പത്രങ്ങൾ, ടെലിവിഷൻ, ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ, എസ്.എം.എസ്, സിനിമാ ശാലകൾ ഉൾപ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങൾ, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദർശനം, ദിനപ്പത്രങ്ങളുടെ ഇ പേപ്പറുകൾ തുടങ്ങിയവയിലെ പരസ്യങ്ങൾക്കെല്ലാം മുൻകൂർ അനുമതി തേടിയിരിക്കണം. മാധ്യമ സ്ഥാപനങ്ങൾ എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകൾ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ.

കാക്കനാട് സിവിൽ സ്‌റ്റേഷനിൽ ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ മീഡിയ സെന്ററിലാണ് പരസ്യങ്ങൾക്കുള്ള മുൻകൂർ അനുമതി ലഭ്യമാക്കുന്ന എം.സി.എം.സിയുടെ മീഡിയ സർട്ടിഫിക്കേഷൻ സെൽ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും സെൽ പ്രവർത്തിക്കും. മീഡിയ ഹാളിലാണ് എം.സി.എം.സിയുടെ മീഡിയ മോണിറ്ററിംഗ് സെൽ ദിവസം മുഴുവൻ പ്രവർത്തിക്കുന്നത്. . ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജിയോ ടി മനോജ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ കെ.കെ ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സാക്ഷ്യപ്പെടുത്തലിനുമായി വിപുലമായ സജ്ജീകരണങ്ങളാണ് സെല്ലിൽ ഒരുക്കിയിട്ടുള്ളത്. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ ഉദ്യോഗസ്ഥരും ജേർണലിസം വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ പ്രവർത്തിക്കുന്നത്. ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ് സെല്ലിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പെയ്ഡ് ന്യൂസ് സംബന്ധിച്ച് തീരുമാനമെടുക്കുക. പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും കമ്മിറ്റി നിർവഹിക്കും. കമ്മിറ്റിയുടെ അനുമതിയില്ലാത്ത പ്രചാരണ സാമഗ്രികൾ രാഷ്ട്രീയപാർട്ടികളോ സ്ഥാനാർത്ഥികളോ ഉപയോഗിക്കാൻ പാടില്ല.

പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർഥികളും പരസ്യങ്ങൾ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുൻപെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമിൽ എം.സി.എം.സി സെല്ലിൽ സമർപ്പിക്കണം. പരസ്യം നൽകുന്നത് മറ്റ് സംഘടനകളാണെങ്കിൽ ഏഴു ദിവസം മുൻപ് സമർപ്പിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നൽകേണ്ടത്. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം. ,ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെൽ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിൾ ചാനലുകളിലെയും പരസ്യങ്ങൾക്കുള്ള നിയമങ്ങൾ ബൾക്ക് എസ്.എം.എസുകൾക്കും വോയിസ് മെസേജുകൾക്കും ബാധകമായിരിക്കും. സാമൂഹ്യമാധ്യമങ്ങളിൽ പരസ്യസ്വഭാവത്തോടെയുള്ള പ്രചാരണം നടത്തുന്നതിനും ഇത്തരത്തിൽ അനുമതി തേടണം.

അച്ചടി മാധ്യമങ്ങളിൽ സ്ഥാനാർഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. സ്ഥാനാർഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്യും. അംഗീകാരത്തിനായി സമർപ്പിക്കപ്പെടുന്ന പരസ്യങ്ങൾ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും. മീഡിയ സർട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 94960 03208, 94960 03217 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഇ മെയ്ൽ mcmcekm2021@gmail.com

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *