കണ്ണൂർ : കഴിഞ്ഞ ലോക്സഭാ -തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാടുകളാണ് കണ്ണൂർ ജില്ലയിലെ ജനങ്ങൾ വോട്ടെടുപ്പിലൂടെ രേഖപ്പെടുത്തിയത്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കരുത്തനായ കെ. സുധാകരന് നേടിയത് മിന്നും വിജയമായിരുന്നു.എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയം തദ്ദേശ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ യു ഡി എഫിന് കഴിഞ്ഞില്ല. തദ്ദേശ വാർഡുകളിൽ ഭൂരിഭാഗവും എൽഡിഎഫ് തൂത്തുവാരി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ 94, 559 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ. സുധാകരൻ മണ്ഡലത്തിൽ മൂവർണ പതാക പാറിച്ചത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ആകെ 12, 62, 144 വോട്ടർമാരാണുള്ളത്.അതിൽ 10, 48,015 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.മണ്ഡലത്തിൽ സുധാകരൻ 5,29,741 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിന്റെ പികെ. ശ്രീമതി ക്കു നേടാനായത് 4,35,182 വോട്ടുകൾ മാത്രമായിരുന്നു.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 1683 ഇടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 1118 സീറ്റുകളിലും ഇടതുമുന്നണി മിന്നും ജയമാണ് നേടിയത്. 66.40% സീറ്റുകൾ നേടി എൽഡിഎഫ് ജില്ലയിൽ കരുത്തുകാട്ടിയപ്പോൾ 29.36% സീറ്റുകളിലേക്ക് യുഡിഎഫ് ചുരുങ്ങി.
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തിൽ 55 ഗ്രാമപഞ്ചായത്തുകളും 5 മുൻസിപ്പാലിറ്റികളും, 9 ബ്ലോക്ക് പഞ്ചായത്തുകളും ചെങ്കൊടി പുതച്ചു.യുഡിഎഫിന് കൂട്ടയായിരുന്ന പ്രദശങ്ങളിൽ കൂടി മുന്നണിക്ക് മികച്ച പോരാട്ടം പുറത്തെടുക്കാനായില്ല. 12 ഗ്രാമപഞ്ചായത്തുകളും, 3 മുൻസിപ്പാലിറ്റികളും, 1 ബ്ലോക്ക് പഞ്ചായത്തും, കോർപ്പറേഷനും മാത്രമാണ് ഭൂരിപക്ഷം യുഡിഎഫിന് നേടാനായത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് സിപിഎം പിടിച്ചടക്കിയത് വലിയ ഞെട്ടലാണ് യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയത്.6980 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജില്ലാ കമ്മിറ്റിയംഗം ബിനോയ് കുര്യനാണ് ഡിവിഷനിൽ വിജയച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 285 വോട്ടിനു കോൺഗ്രസ് ജയിച്ച ഡിവിഷനാണിത്.
എന്തായാലും ലോക്സഭാ -തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാട് പുലർത്തിയ കണ്ണൂർ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഇരു മുന്നണികൾക്കും ഒപ്പം ബിജെപിക്കും അഭിമാന പോരാട്ടമാണ്.