Kerala

ആലുവ ശിവരാത്രി മഹോത്സവം; ഇത്തവണ വ്യാപാര മേള ഉണ്ടാകില്ല,മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യം

എറണാകുളം: എല്ലാ വർഷവും ആലുവ മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ചു നടത്താറുള്ള വ്യാപാര മേള ഇത്തവണ ഉണ്ടാകില്ല.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനെ തുടർന്നാണ് വ്യാപാര മേള വേണ്ടെന്നു വെച്ചത്. നേരത്തെ വ്യാപാര മേളയ്ക്ക് അനുമതിക്കായി നഗരസഭാ ചെയർമാൻ എം.ഒ. ജോണിനെ സമീപിച്ചിരുന്നു.

എന്നാൽ ജില്ലാ കളക്ടറെ സമീപിക്കാനായിരുന്നു നിർദേശം ലഭിച്ചത്.തുടർന്ന് കളക്ടർക്ക് ഇത് സംബന്ധിച്ച് കത്ത് നൽകി യെങ്കിലും അനുമതി ലഭിച്ചില്ല.ഏതു സംബന്ധിച്ച് അഞ്ചു തവണ കളക്ടറേറ്റിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഇതോടെയാണ്‌ നഗരസഭാ കൗൺസിൽ ചേർന്ന്‌ വ്യാപാര മേള വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത്.കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും 200 പേരിൽ കൂടുതൽ ഒരേ സമയം ഒത്തുകൂടാൻ പാടില്ലെന്ന നിർദേശമുള്ളതിനാലാണ് അനുമതി നിഷേധിക്കപ്പെട്ടത്. ശിവരാത്രി ദിവസം മുതൽ ഒരു മാസം വരെ നീളുന്നതാണ് വ്യാപാര മേള.

എല്ലാ വർഷവും മണപ്പുറത്ത് നഗരസഭയുടെ താത്കാലിക ഓഫീസും വ്യാപാര മേള നിയന്ത്രിക്കുന്നതിനായി ഒരുക്കാറുണ്ട്.എന്നാൽ ഇത്തവണ പൂർണമായും വ്യാപാര മേള ഒഴിവാക്കിയതിനാൽ താത്കാലിക ഓഫീസ് നിർമിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

ആലുവ മണപ്പുറത്തെ ശിവരാത്രിയാഘോഷത്തോളം പഴക്കമുള്ള വ്യാപാര മേള പൂർണമായും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യം.കഴിഞ്ഞ വർഷം കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രണ്ടാഴ്ചയ്ക്കു ശേഷം വ്യാപാര മേള ഇടയ്ക്കുവെച്ച് നിർത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *