Kerala

മുഖ്യമന്ത്രി പിണറായി വിജയൻ കുത്തകകളുടെ നേതാവ്;കെ സുരേന്ദ്രൻ

കുത്തകകൾക്ക് വേണ്ടി അന്നും ഇന്നും നിലപാടെടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഭൂരഹിതരുടെ ഭൂമിപ്രശ്നത്തിൽ കയ്യേറ്റക്കാരുടെയും മാഫിയയുടെയും ഒപ്പം നിൽക്കുന്നയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും തൊടുപുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ അതിനെ തടഞ്ഞത് പിണറായി വിജയനായിരുന്നു. ഇടുക്കി പാക്കേജ് പ്രഖ്യാപനം സർക്കാരിൻ്റെ പി.ആർ പ്രചരണം മാത്രമായി മാറി. ഭൂരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന പട്ടയമേള വെറും പ്രഹസനമായി മാറി. ഇടുക്കിയിലെ സ്ഥലങ്ങളെല്ലാം കോർപ്പറേറ്റുകളുടെ കയ്യിലാണ്. കേരളത്തിൽ എല്ലാവർക്കും നൽകാൻ ഭൂമി ഉണ്ടായിട്ടും മുതലാളിമാരെ പ്രീണിപ്പിക്കാൻ സർക്കാർ ഇത് അട്ടിമറിക്കുകയാണ്. പ്രളയ പുനരധിവാസം പോലും ഇതുവരെ നടന്നില്ല. ഇടുക്കി ജില്ലയിലെ പല തോട്ടങ്ങളും അടഞ്ഞ് കിടക്കുകയാണ്. തൊഴിലാളി വർ​ഗ പാർട്ടിയായ സിപിഎം തൊഴിലാളികളെ വഞ്ചിക്കുകയാണ്. എൽഡിഎഫ് സർക്കാരിൻ്റെ വികസനവാദം പൊള്ളയാണ്. കിഫ്ബിയുടെ മറവിൽ അഴിമതി മാത്രമാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നേരിടുന്നത് എൻഡിഎയാണ്. കെ.സുധാകരൻ്റെ പ്രസ്താവന ഇതാണ് കാണിക്കുന്നത്. സുധാകരൻ ദീർഘവീക്ഷണമുള്ള നേതാവാണ്. കോൺ​ഗ്രസിന് ഇനി ഭാവിയില്ലെന്ന് അദ്ദേഹത്തിനറിയാം. യുഡിഎഫിന് വോട്ട് ചെയ്താൽ പ്രയോജനം എൽഡിഎഫിനാണ്. മുസ്ലിംലീഗാണ് യുഡിഎഫിനെ നയിക്കുന്നത്. വർഗീയ ശക്തികൾക്ക് മുമ്പിൽ കീഴടങ്ങിയ കോൺഗ്രസിന് പിണറായിയെ നേരിടാനാവില്ല. 1921 ആവർത്തിക്കുമെന്ന് പറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയ മത ഭീകരർക്കെതിരെ കേസെടുക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തു. ഇതിനെതിരെ മിണ്ടാൻ പ്രതിപക്ഷം ധൈര്യപ്പെടുന്നില്ല.

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാനാണ് ആർ.എസ്.എസ്-സി.പി.എം ചർച്ച നടന്നത്. കണ്ണൂരിലെ സംഘർഷത്തിൻ്റെ സമയത്താണ് ചർച്ച നടന്നത്. അതിനെ വളച്ചൊടിക്കുകയാണ് കോൺ​ഗ്രസ്. സിപിഎമ്മും കോൺഗ്രസും ഒരേ മുന്നണിയിൽ സഖ്യത്തിലായവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ഇരു മുന്നണികളും ധാരണയിലെത്തിയതായും സുരേന്ദ്രൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *