Kerala

ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരെ മത്സരിപ്പിച്ചാൽ വിശദീകരണം നൽകണം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം:ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കിയാൽ അതിലേക്ക് നയിച്ച സാഹചര്യം വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനകം വിശദീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ക്രിമിനൽ സ്വഭാവമുള്ളവർ നിയമനിർമാണ സഭകളിൽ എത്താതിരിക്കുവാനുള്ള കമ്മിഷന്റെ ചുവടുവെപ്പുകളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേസുകളിൽ പെടാത്തവരെ കണ്ടെത്തി മത്സരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കേണ്ടിവരും.സ്ഥാനാർഥിക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ ഏതു ക്രിമിനൽക്കേസാണെങ്കിൽ പോലും പാർട്ടികൾ വിശദീകരണം നൽകണം. ഈ നടപടികളിൽ രാഷ്ട്രീയ പാർട്ടികൾ വീഴ്ചവരുത്തിയാൽ സുപ്രീംകോടതിയെ അറിയിക്കും. പുതിയ വ്യവസ്ഥപ്രകാരം ദേശീയ പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന പാർട്ടികൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് ക്രിമിനൽ കേസുകളുടെ വിവരം കൈമാറേണ്ടത്.

നിലവിൽ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കുമ്പോൾ ക്രിമിനൽ കേസ് വിവരങ്ങൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നാണ് വ്യവസ്ഥ.കൂടാതെ ഇത് മൂന്നുതവണ അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണം. ഇതിനുപുറമേയാണ് പുതിയ വ്യവസ്ഥ ബാധകമാക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം പാർട്ടി നേതാക്കളെ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *