Kerala

തിരഞ്ഞെടുപ്പിൽ വമ്പന്മാരെ ഇറക്കാനൊരുങ്ങി എൻഡിഎ,കൂടുതൽ സീറ്റുകളിൽ ബിജെപി മത്സരിക്കും;സീറ്റ് വിഭജന ചർച്ച മറ്റന്നാൾ ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കാനൊരുങ്ങി എൻഡിഎ.മുന്നണിയുടെ സീറ്റ് വിഭജന ചർച്ച മറ്റന്നാൾ തുടങ്ങും. ബിജെപി നേതൃത്വം ബിഡിജെഎസ് അടക്കമുളള ഘടക കക്ഷികളുമായി ചർച്ച നടത്തും.ബി ഡി ജെ എസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 36 സീറ്റിലാണ് മത്സരിച്ചത്.ഇത്തവണ വിട്ടുവീഴ്‌ച‌യ്‌ക്ക് തയ്യാറാണെന്ന് ബി ഡി ജെ എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് കഴിഞ്ഞ തവണ 98 സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപി ഇക്കുറി ബിഡ‍ിജെഎസിൽ നിന്ന് കൂടുതൽ സീറ്റുകൾ ഏറ്റെടുക്കുമെന്നാണ് ലഭിക്കുന്ന സൂചന.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ബിഡ‍ിജെഎസിന്
കാഴ്ചവെക്കാൻ കഴിയാതായതോടെയാണ് ബിജെപിയുടെ പുതിയ നീക്കം

എതിർപ്പുകൾ മറികടന്ന് പി സി ജോർജിന്റെ ജനപക്ഷം സെക്യുലർ‌ മുന്നണിയിലേക്ക് എത്തുന്നത് കൂടി കണക്കാക്കിയാവും എൻഡിഎയിലെ സീറ്റ് വീതം വയ്പ്പ്. പിസിയുടെ ജനപക്ഷത്തിന് രണ്ട് സീറ്റുകളാണ് നല്കാൻ സാധ്യത.ബിജെപി മണ്ഡലം, ജില്ലാ തല സാദ്ധ്യതാ പട്ടിക അടുത്ത വ്യാഴാഴ്‌ചയ്‌ക്കകം സമർപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ബിജെപി കേന്ദ്ര നേതൃത്വം വിജയ പ്രതീക്ഷ വയ്ക്കുന്ന പതിനഞ്ച് എ പ്ലസ് മണ്ഡ‍ലങ്ങളുടെയെങ്കിലും കാര്യത്തിൽ കൂടുതൽ ധാരണയുണ്ടാക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.

കെ സുരേന്ദ്രൻ നയിക്കുന്ന വിജയായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് ഏഴാം തീയതി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം അമിത്ഷായുടെ സാന്നിദ്ധ്യത്തിൽ നടത്താനാണ് ബിജെപിയുടെ തീരുമാനം. സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലങ്ങളിൽ നിന്നുളള നിർദേശം നാലിനകം കുമ്മനം രാജശേഖരൻ, വി മുരളീധരൻ, പി കെ കൃഷ്‌ണദാസ്, സി കെ പദ്മനാഭൻ, എ എൻ രാധാകൃഷ്‌ണൻ, ജില്ലകളിലെ പ്രഭാരിമാർ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിക്കും.തുടർന്ന് ഈ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും കേന്ദ്രഘടകത്തിനും കൈമാറും.

ഇത്തവണ പിസി ജോർജിന്റെ പൂഞ്ഞാറും, ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമവും കൂടാതെ മറ്റു എ പ്ലസ് മണ്ഡലങ്ങളും പിടിക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *