തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്നിരുന്ന എൽജിഎസ് ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിച്ചു. നിയമന്ത്രി എകെ ബാലനുമായി ഉദ്യോഗാർഥികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം.സമരക്കാർ ഉന്നയിച്ച പ്രധാനമുദ്രാവാക്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായെന്നും ഇതോടെയാണ് ഏറെ നാളുകളായി തുടരുന്ന സമരം അവസാനിപ്പിക്കാൻ തയ്യാറായതെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.തങ്ങളുടെ സമരത്തിനൊപ്പം നിന്ന യൂത്ത് കോൺഗ്രസ്, യുവമോർച്ച, ഡിവൈഎഫ്ഐ, എഐവൈഎഫ് തുടങ്ങിയ യുവജനസംഘടനകൾക്കും ഉദ്യോഗാർഥികൾ നന്ദി അറിയിച്ചു.
ഉദ്യോഗാർഥികളുടെ ആവശ്യങ്ങളിൽ അനുകൂല സമീപനമാണുണ്ടായത്. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാൻ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാർശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി എകെ ബാലൻ ഉറപ്പ് നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകി. അതേസമയം, സി.പി.ഒ റാങ്കിലിസ്റ്റുലുള്ളവർ സമരം ശക്തമായി തുടരുമെന്ന് അറിയിച്ചു.