തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിയുമായി മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ ഗൂഢാലോചന നടന്നു.ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയത് ജെ മേഴ്സിക്കുട്ടിയമ്മയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണ് ആഴക്കടല്‍ മല്‍സ്യ ബന്ധനമെന്നാണ് മന്ത്രി പറയുന്നത്. ഇത് അറിയാവുന്ന മന്ത്രി എന്തിന് കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയും, സംഘത്തിനെയും കൊണ്ട് മുഖ്യമന്ത്രിയെ കണ്ടതെന്നും വ്യക്തമാക്കണം. ഫിഷറീസ് വകുപ്പ് മന്ത്രി പറയുന്നത് കള്ളമാണ്. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ മേഴ്സിക്കുട്ടിയമ്മയ്ക്ക് അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.സർക്കാർ നടത്തിയ കള്ളം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളതെന്ന് ചെന്നിത്തല പറഞ്ഞു.