Kerala

സ്‌പീക്കറുടെ വിദേശയാത്രകളുടെ കണക്കിൽ അവ്യക്തത;21 തവണയെന്ന് കോണ്‍സുലേറ്റ്,11 യാത്ര മാത്രമെന്ന് ഓഫിസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ നടത്തിയ വിദേശ യാത്രകളുടെ കണക്കിൽ അവ്യക്തത. അദ്ദേഹം ആകെ 11 തവണയാണ് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുള്ളതെന്ന് സ്പീക്കറുടെ ഓഫിസ് എണ്ണമിട്ടു പറയുമ്പോള്‍, സ്പീക്കര്‍ 21 തവണ ദുബായില്‍ മാത്രം എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.

നിയമസഭാ സ്‌പീക്കറായി 2016 ല്‍ ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പി ശ്രീരാമകൃഷ്ണന്‍ പോയിരുന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും. വിവരാവകാശ അപേക്ഷയ്ക്ക് സ്‌പീക്കറുടെ ഓഫിസ് നല്‍കിയ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.പതിനൊന്നില്‍ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് അദ്ദേഹം ചെലവാക്കിയെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു.

എന്നാല്‍,ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽനിന്നുള്ള കണക്കുകൾ. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ദുബായില്‍ മാത്രം എത്തിയത് 21 തവണ. ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നതിനിടയിൽ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചെലവിനെക്കുറിച്ച് വിശദീകരണമില്ല. സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങള്‍‌ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നതായി വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *