കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന് ഇന്ന് തിരശീല വീഴും.21 വർഷങ്ങൾക്കുശേഷം കൊച്ചിയിൽ കാഴ്ചയുടെ മഹോത്സവം തീർത്ത മേള അടുത്ത തവണയും കൊച്ചിയിലേക്ക് എത്തണമെന്ന ആവശ്യമാണ് ആസ്വാദകർക്ക് ഉള്ളത്. മേളയിൽ ലഭിച്ച ജനപങ്കാളിത്തം വരും ദിവസങ്ങളിൽ മറ്റു ചിത്രങ്ങൾക്കും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയറ്ററുടമകൾ.
കൊറോണ വൈറസ് വ്യാപനം കാരണമാണ് കഴിഞ്ഞ വർഷം കൊച്ചിക്ക് കാർണിവലും ബിനാലെയും നഷ്ടപ്പെട്ടത്. 21 വർഷങ്ങൾക്കുശേഷം ഐഎഫ്എഫ്കെ കൊച്ചിയിൽ വേദിയൊരുങ്ങാൻ കാരണമായതും അതേ കോവിഡ് തന്നെ. കടന്ന് പോയ നാല് ദിവസങ്ങൾ കേരളത്തിലെ സിനിമാസ്വാദകരുടെ താവളമായി കൊച്ചി നഗരം മാറി. കോവിഡ് തീർത്ത പ്രതിസന്തിക്ക ശേഷം തിയറ്ററുകൾ തുറന്നിട്ടും സിനിമാ ആസ്വാദകർ സിനിമ കാണാൻ വിമുഖത കാട്ടിയിരുന്നു. ചലച്ചിത്രമേള തിയറ്റർ ഉടമകൾക്ക് നൽകുന്നതും വലിയ പ്രതീക്ഷയാണ്.
മേളയുടെ അവസാന ദിവസവുമായ ഇന്ന് 24 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്നും ജയരാജിന്റെ ഹാസ്യത്തിന്റെ രണ്ടാം പ്രദർശനവും ഇന്ന് നടക്കും. ചുരുളിക്കും ബിരിയാണിക്കും ഹാസ്യത്തിനുമൊക്കെ മലയാളത്തിൽ നിന്ന് മികച്ച പ്രതികരണം നേടാനായെങ്കിലും മേളയിൽ എണ്ണത്തിനൊപ്പം സിനിമകളുടെ നിലവാരവും കുറഞ്ഞെന്ന പരാതിയുണ്ട് മേളയുടെ സ്ഥിരം കാഴ്ചക്കാർക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്തിന് പുറത്ത് മേള പൂർത്തിയാക്കാനായത് ഇനി നടക്കാനിരിക്കുന്ന പയ്യന്നൂരിലെയും പാലക്കാട്ടെയും പതിപ്പുകളുടെ സംഘാടനത്തിന് ചലച്ചിത്ര അക്കാഡമിക്ക് ആത്മവിശ്വാസമായിട്ടുണ്ട്.