Kerala

സ്വര്‍ണക്കടത്ത് കേസ് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരില്ല: ഹൈക്കോടതി

എറണാകുളം: സ്വർണക്കടത്ത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. ഈ നിയമത്തിന്റെ പരിധിയിൽ വരണമെങ്കിൽ സ്വർണം കടത്തിയത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിന് തെളിവ് ആവശ്യമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.തിരുവനന്തപുരം അന്താരഷ്ട്ര വിമാനത്താവളം വഴി നടത്തിയ സ്വർണക്കടത്തു കേസിൽ പ്രതികൾക്കു ജാമ്യം അനുവദിച്ചതിനെതിരെ ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, എംആർ അനിത എന്നിവർ അടങ്ങിയ ബെഞ്ചിന്റെയായിരുന്നു നിരീക്ഷണം.

സ്വർണക്കടത്ത് കേസ് കസ്റ്റംസ് നിയമത്തിന്റെ പരിധിയിലാണ് വരിക. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുകയെന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നതിനു തെളിവു ഉണ്ടെങ്കിൽ മാത്രമേ അത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയിൽ വരുകയുള്ളു. കള്ളനോട്ടു നിർമിക്കുക, കടത്തുക തുടങ്ങിയവയൊക്കെയാണ് യുഎപിഎ 15-1 വകുപ്പിനു കീഴിൽ വരികയെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വർണകള്ളക്കടത്തു കേസിൽ ജാമ്യം ലഭിച്ചവർക്ക് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അട്ടിമറിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു എന്നു കരുതാൻ കഴിയില്ലെന്ന എൻഐഎ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. പിടിയിലായവരിൽ പലരും ബിസിനസുകാരാണ്. സാമ്പത്തികമായി നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യമാണ് സ്വർണക്കടത്തിൽ അവർക്കുണ്ടായിരുന്നത് എന്നാണ് ഇതുവരെ ലഭിച്ച വിവരമെന്ന് കോടതി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *