Kerala

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനായി:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഫലമായാണ് കേരളത്തിന്റെ ആരോഗ്യ മേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായത്. ആരോഗ്യ മേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനായാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്ററുകള്‍, പത്ത് കാത്ത് ലാബുകള്‍ എന്നിവ സ്ഥാപിക്കാനായി. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാര പ്രദമായതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2200 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനു പുറമെ ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജീകരിച്ചതും മികച്ച ചികിത്സ ഉറപ്പാക്കാന്‍ വഴിതെളിച്ചു. കിഫ്ബിയിലൂടെ പണം ലഭ്യമായത് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മാസ്റ്റര്‍ പ്ലാനിന്റെ രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മികവിന്റെ കേന്ദ്രമായി ഉയരുമെന്നും മന്ത്രി വ്യക്തമാക്കി.

കാന്‍സര്‍ ചികിത്സാ രംഗത്തും ഗവേണഷണ രംഗത്തും കേരളത്തിന്റെ 3 കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ അടിസ്ഥാന വികസനത്തിനും ഈ സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. ഈ മേഖലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുകയും അതിന്റെ ഫലമായി വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലുള്ള റോഡുകളുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയ പദ്ധതി. ഇതിനു പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ജനറല്‍ ആശുപത്രി, വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആശുപത്രികള്‍, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര ജില്ലാ ആശുപത്രി, ചേര്‍ത്തല, കായംകുളം താലൂക്ക് ആശുപത്രികള്‍, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് (സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികള്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികള്‍, കോഴിക്കോട് ജനറല്‍ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കാസര്‍ഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗല്‍പാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ പിജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉര്‍ത്തുന്ന പദ്ധതിയുടെ (രണ്ടാം ഘട്ടം) എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ആശംസകള്‍ അറിയിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സ്ഥലം എം.എല്‍.എ.മാരായ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *