Kerala

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസ്:മുഖ്യമന്ത്രി വാക്ക് ലംഘിച്ചു,19 ന് പ്രതിഷേധ ദിനം ആചരിക്കാനൊരുങ്ങി എസ്.ഡി.പി.ഐ

കോഴിക്കോട്: പൗരത്വ പ്രക്ഷോഭകർക്കെതിരായ കേസുകൾ നിരുപാധികം പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 19 ന് സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസിയു എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ പ്രക്ഷോഭകർക്കെതിരേ അമിത് ഷായും യോഗിയും നടപ്പാക്കുന്ന അതേ നടപടിയാണ് പിണറായി വിജയനും തുടരുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരിൽ രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളായ 46 പേർക്ക് സമൻസ് ലഭിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവർക്കെതിരേ കേസെടുക്കില്ലെന്നും അത് സർക്കാർ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി 3ന് നിയമസഭയിൽ പറഞ്ഞത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 519 കേസുകൾ നിലവിലുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ സത്യസന്ധതയുണ്ടെങ്കിൽ ഈ കേസുകൾ നിരുപാധികം പിൻവലിക്കാൻ തയ്യാറാവണം. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ കബളിപ്പിക്കുന്നതിന് സി.എ.എ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി സംഘപരിവാരത്തെ പ്രീണിപ്പിക്കുന്നതിന് പൗരത്വ പ്രക്ഷോഭകർക്കെതിരേ കേസുകൾ കുത്തിപ്പൊക്കി വേട്ടയാടുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ വിഡ്ഢികളാക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കാപട്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിൽ ഇടതുമുന്നണി നയം വ്യക്തമാക്കണം. ഹിന്ദുത്വ ഭരണകൂട ഭീകരതയുടെ മുഖചിത്രമായി മാറിയ യുപിയെ പോലും നാണിപ്പിക്കുന്ന നടപടിയാണ് ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിൽ നടക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രചാരണവും പ്രതിഷേധ പരിപാടികളും നിയമപോരാട്ടവും നടത്താൻ പാർട്ടി തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *