തിരുവനന്തപുരം:പിൻവാതിൽ നിയമനത്തിനെതിരെ സംസ്ഥാനത്ത് സമരവേലിയേറ്റം ശക്തമായിരിക്കെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിന് ധാർഷ്ട്യമെന്നും
ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ഇതുവരെ സർക്കാർ നടത്തിയ സ്ഥിരപ്പെടുത്തൽ റദ്ദാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നിയമന വിവാദവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് കോൺഗ്രസ്.ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അറിയിച്ച് നടത്തുന്ന സമരം നിർത്തില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇതുവരെയുള്ള സ്ഥിരപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
പകരം ലിസ്റ്റ് ഇല്ലാഞ്ഞിട്ട് കൂടി പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ സർക്കാർ തയ്യാറാകുന്നില്ല.ഇതിലൂടെ സർക്കാർ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമനത്തിൽ മുഖ്യമന്ത്രി നിരത്തിയത് കള്ളക്കണക്കാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു.