തിരുവനന്തപുരം:ഉദ്യോഗാർഥികളുടെ സമരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളക്കണക്കു കൊണ്ട് നേരിടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടേത് അങ്ങേയറ്റം തെറ്റായ നടപടിയാണിത്. തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് ഉദ്യോഗാര്‍ത്ഥികളുടെ സമരം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രി അവകാശപ്പെട്ടത് എൽ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 1,57, 909 നിയമന ശുപാര്‍ശകള്‍ നടത്തിയതായാണ്.രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി തന്നെ പറഞ്ഞത് ഒരു ലക്ഷത്തി അമ്പത്തോരായിരം എന്നാണ്. അങ്ങനെയാണെങ്കിൽ പോലും അത് യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ അടുത്തൊന്നും എത്തുന്നില്ല.
1,58, 680 നിയമനങ്ങളാണ് ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിഎസ് സി വഴി നടത്തിയത്. ഇതു രണ്ടിൽ ഏതാണ് കൂടുതലെന്ന് കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് ചെന്നിത്തല പറഞ്ഞു. 12,185 പോലീസ് നിയമനം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നു. അല്ലാതെ, 4791 അല്ല. നിലവിൽ 2500 സിപിഒ ഒഴിവ് നിലനിൽക്കുന്നു.സർക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പോലും കള്ളക്കണക്കുകളുണ്ട്. പിന്‍വാതില്‍ നിയമനത്തിന് കണ്‍സള്‍ട്ടന്‍സി നല്കിയ സര്‍ക്കാരാണ് പിണറായിയുടേതെന്നും ചെന്നിത്തല പറഞ്ഞു.