Kerala

പ്രശ്നങ്ങള്‍ അതിവേഗം തീര്‍പ്പാക്കി മലപ്പുറത്ത് സാന്ത്വന സ്പര്‍ശത്തിന് സമാപനം

മലപ്പുറം: പൊതുജനങ്ങളുടെ ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് സംഘടിപ്പിച്ച ‘സാന്ത്വന സ്പർശം’ അദാലത്തുകൾക്ക് ജില്ലയിൽ പരിസമാപ്തി. നിലമ്പൂരിൽ നടന്ന സമാപന സമ്മേളനം ന്യൂനപക്ഷ ക്ഷേമ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ജീവനക്കാർ എന്തിന് എന്നതിന്റെ ഉത്തരമാണ് സാന്ത്വന സ്പർശം അദാലത്തുകൾ പൊതുജനങ്ങൾക്ക് നൽകിയതെന്ന് മന്ത്രി പറഞ്ഞു.

എണ്ണയിട്ട യന്ത്രം പോലെയാണ് മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത്. ഇതിന്റെ ഗുണഫലം സമൂഹത്തിനാകെ ലഭിക്കുമെന്നതിൽ തർക്കമില്ല. എല്ലാവരേയും ചേർത്ത് നിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പാർശ്വവത്കൃതരേയും അശരണരേയും അകറ്റിനിർത്താതെ ചേർത്തു പിടിക്കാൻ സാന്ത്വന സ്പർശത്തിലൂടെ സാധിച്ചു. നിറഞ്ഞ മനസോടെയാണ് പരാതികളുമായെത്തിയവർ തിരിച്ചു പോയത്.

കഷ്ടപ്പെടുന്ന മനുഷ്യരുടെ കണ്ണീരൊപ്പാനാകുന്നത് നാളേക്കുള്ള സേവന പഥം മികവുറ്റതാക്കും. ഇങ്ങനെ ആത്മാർഥമായി പ്രവർത്തിച്ചാൽ സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനപക്ഷമാകുമെന്നും ജനങ്ങൾ അത് തിരിച്ചറിയുമെന്നും മന്ത്രി ഡോ. കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. നിലമ്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു, എ.ഡി.എം ഡോ. എം.സി റെജിൽ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

പൊന്നാനി, കൊണ്ടോട്ടി, നിലമ്പൂർ എന്നിവിടങ്ങളിലായി ജില്ലയിലെ ഏഴ് താലൂക്കുകളും ഉൾപ്പെടുത്തി നടന്ന അദാലത്തുകളിൽ പരിഹരിക്കാതെ കിടന്ന നിരവധി കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് തീർപ്പായി. ന്യൂനപക്ഷ ക്ഷേമ – ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, എക്സൈസ് – തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 2,21,30,105 രൂപയുടെ ധന സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ജില്ലയിൽ അനുവദിച്ചത്.

സമാപന ദിവസം നിലമ്പൂരിൽ പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകളിലുള്ളവർക്കായി സംഘടിപ്പിച്ച അദാലത്തിൽ 1,201 അപേക്ഷകളിൽ 70,59,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു. ഇതിൽ നിലമ്പൂർ താലൂക്കിൽ 967 അപേക്ഷകർക്കായി 54,50,250 രൂപയും പെരിന്തൽമണ്ണ താലൂക്കിൽ 234 അപേക്ഷകർക്ക് 16,09,500 രൂപയുമാണ് അനുവദിച്ചത്. ആദ്യദിനം പൊന്നാനിയിൽ സംഘടിപ്പിച്ച പൊന്നാനി, തിരൂർ താലൂക്കുകൾക്കായുള്ള അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിൽ നിന്ന് 365 അപേക്ഷകളിലായി 38,42,855 രൂപയാണ് ധനസഹായമായി അനുവദിച്ചത്. പൊന്നാനി താലൂക്കിൽ 190 അപേക്ഷകളിലായി 18,01,000 രൂപയും തിരൂർ താലൂക്കിൽ 175 അപേക്ഷകളിലായി 20,41,855 രൂപയുമാണ് ധനസഹായമായി അനുവദിച്ചത്. കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകൾക്കായി കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച ജില്ലയിലെ രണ്ടാം ദിനത്തിലെ അദാലത്തിൽ 1,12,27,500 രൂപ 1,437 അപേക്ഷകളിലായി ധസഹായമായി അനുവദിച്ചു. ഇതിൽ കൊണ്ടോട്ടി താലൂക്കിലെ 956 അപേക്ഷകളിലായി 73,57,000 രൂപയും തിരൂരങ്ങാടി താലൂക്കിലെ 189 അപേക്ഷകളിലായി 15,77,500 രൂപയും ഏറനാട് താലൂക്കിൽ 292 അപേക്ഷകളിലായി 22,93,000 രൂപയുമാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. സഹായ ധനത്തിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികൾക്കും അദാലത്തിൽ തീർപ്പായി. സാങ്കേതിക പ്രശ്നങ്ങളുള്ള വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *