തിരുവനന്തപുരം: ആരോഗ്യ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറിനു മുന്നോടിയായി തയ്യാറാക്കിയ ഇ-ബുക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ഇ-ബുക്കില്‍ വെബിനാറിലെ പ്രധാന വിഷയങ്ങള്‍, ആരോഗ്യ രംഗത്ത് ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ ആവിഷ്കരിക്കേണ്ട തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആരോഗ്യവകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ, ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കട്ടരാമന്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 17 നാണ് അന്താരാഷ്ട്ര വെബിനാര്‍ ആരംഭിക്കുന്നത്. ‘എല്ലാവര്ക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2015 ല്‍ യു.എന്‍ പൊതുസഭ രൂപകല്‍പ്പന ചെയ്ത ആശയം ആറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. 17 പരസ്പരബന്ധിതമായ ആഗോള ലക്ഷ്യങ്ങളുടെ ഒരു ശേഖരമാണ് എസ്ഡിജി ഉള്‍ക്കൊള്ളുന്നത്. 2030 ഓടെ ദൗത്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.