Kerala

സാന്ത്വന സ്പര്‍ശം: തലസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കര്‍ശന കോവിഡ് നിയന്ത്രണം

തിരുവനന്തപുരം: ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ജില്ലയിൽ അദാലത്ത് ആരംഭിക്കുന്നത്. നാളെ നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഫെബ്രുവരി ഒമ്പതിന് ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും 11ന് എസ്.എം.വി. സ്‌കൂളിലും അദാലത്ത് നടക്കും.

എല്ലാ അദാലത്ത് കേന്ദ്രങ്ങളിലും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും എല്ലാ നിയന്ത്രണങ്ങളോടും നിർദേശങ്ങളോടും പൊതുജനങ്ങൾ സഹകരിക്കണമെന്നും അദാലത്തിന്റെ ചുമതലയുള്ള സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സുക്കുട്ടി അമ്മ, ഡോ. ടി.എം. തോമസ് ഐസക് എന്നവരുടെ നേതൃത്വത്തിലാണു ജില്ലയിൽ അദാലത്ത് നടക്കുന്നത്.

എല്ലാ അദാലത്ത് കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കിടപ്പു രോഗികൾ, പാലിയേറ്റിവ് പരിചരണം ആവശ്യമുള്ളവർ, കുട്ടികൾ തുടങ്ങിയവർ ഒരു കാരണവശാലും അദാലത്ത് നടക്കുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തരുത്. പകരം ആവശ്യമായ രേഖകളുമായി പ്രതിനിധികളെ അയച്ചാൽ മതിയാകും. അദാലത്തിലേക്കെത്തുന്നവർ തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട വകുപ്പിന്റെ സ്റ്റാളിലെത്തി സമർപ്പിച്ച അപേക്ഷ സംബന്ധിച്ച മറുപടിയും തീർപ്പും കൈപ്പറ്റണം. മന്ത്രിമാരുടെ തലത്തിൽ തീർപ്പാക്കേണ്ട പരാതികളുള്ളവരെ പ്രത്യേക ടോക്കൺ നൽകി ഹാളിലേക്കു പ്രവേശിപ്പിക്കും.

അദാലത്ത് വേദിയുടെ പ്രധാന ഗേറ്റിൽ ശരീര ഊഷ്മാവ് പരിശോധിച്ച് സാനിറ്റൈസർ നൽകി മാത്രമേ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കൂ. ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. വൈദ്യസഹായം ആവശ്യമുള്ളവർക്കായി മെഡിക്കൽ സംഘവും സ്ഥലത്തു ക്യാംപ് ചെയ്യും.

രണ്ടു താലൂക്കുകൾക്ക് ഒരു ദിവസം എന്ന നിലയ്ക്കാണ് അദാലത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. നാളെ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതു മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലേയും പരാതികൾ പരിശോധിക്കും. ഒമ്പതിന് ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദാലത്ത് വേദിയിൽ രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക.
ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികൾ പരിശോധിക്കുന്നതിനായാണ് എസ്.എം.വി. സ്‌കൂളിൽ അദാലത്ത് നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും. തിരക്ക് ഒഴിവാക്കാൻ അതാത് താലൂക്കിലുള്ളവർ തങ്ങളുടെ താലൂക്കിന്റെ പരാതികൾ പരിഗണിക്കുന്ന സമയത്തു മാത്രം അദാലത്തിലേക്ക് എത്തിയാൽ മതിയെന്നും ബിജു പ്രഭാകർ പറഞ്ഞു.

അദാലത്തിൽ ഇതുവരെ ലഭിച്ച പരാതികൾ ഇന്നു ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. അദാലത്ത് ആരംഭിക്കുന്നതിനു മുൻപ് മുഴുവൻ പരാതികളും തീർപ്പാക്കാൻ യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതിനായി ആവശ്യമെങ്കിൽ അവധി ദിനമായ ഞായറാഴ്ചയും ഓഫിസുകൾ പ്രവർത്തിക്കണമെന്നും കളക്ടർ പറഞ്ഞു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *