Kerala

കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി സ്വാന്തന സ്പർശം;മന്ത്രിമാര്‍ക്കെതിരെ പോലിസ് കേസെടുക്കണമെന്ന് സതീശന്‍ പാച്ചേനി

കണ്ണൂർ:കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തളിപ്പറമ്പില്‍ അദാലത്ത് നടത്തുന്ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജക്കെതിരെയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരെയും കോവിഡ് പ്രോട്ടോകോൾ ഒന്നും പാലിക്കാത്ത ചടങ്ങിന് നേതൃത്വം നല്കുന്നതിന്റെ പേരില്‍ പോലിസ് കേസെടുക്കണമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരേ യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കള്‍ക്കെതിരെയും ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിരുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കേസെടുത്തത്.പോലിസ് സാക്ഷികളായി നിന്നുകൊണ്ടാണ് തളിപ്പറമ്പില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് നടക്കുന്നത്. യാതൊരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും വീഴ്ചവരുത്തിയാണ് അതാലത്ത് നടക്കുന്നത്.പോലിസിന്റെ കണ്‍മുന്നില്‍ നിയമലംഘനം നടക്കുമ്പോള്‍ അതിന് സാക്ഷിയായി പോലിസ് നില്‍ക്കുന്നത് നാണമില്ലാത്തത് കൊണ്ടാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും സതീശൻ പാച്ചേനി.

നിയമത്തെയും മാനദണ്ഡങ്ങളെയും സി.പി.എം ഓഫിസിലെ നിര്‍ദേശത്തിന് അനുസരിച്ച് വളച്ചൊടിച്ച് നാട്ടില്‍ പ്രയോഗിക്കുന്ന പോലിസ് ഓഫിസര്‍മാര്‍ പഴം വിഴുങ്ങിയത് പോലെ നോക്കി നില്‍ക്കരുതെന്നും, സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ മന്ത്രിമാര്‍ തന്നെ ലംഘിക്കുമ്പോള്‍ കേസെടുക്കാനുള്ള ധൈര്യം പോലിസ് കാണിക്കണമെന്നും സതീശന്‍ പാച്ചേനി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *