തിരുവനന്തപുരം:സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും സ്വർണ വില കുറഞ്ഞു.കേന്ദ്ര ബജറ്റിന്റെ ചുവടുപിടിച്ച് സ്വർണ വില കുറയുന്നത് തുടരുകയാണ്.ഇതിന്റെ ഭാഗമായി ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4435 രൂപയായി.ഈ വർഷത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥനത്ത് സ്വർണ വിലയിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരിയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില ഫെബ്രുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 36800 രൂപയാണ്.
ഇന്ധന വില കുതിച്ച് ഉയരുമ്പോളും ജനങ്ങൾക്ക് ആശ്വാസമായി കഴിഞ്ഞ നാല് ദിവസത്തിനിടെ 1320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വർണ വിലയിലെ ഇടിവിന് കാരണം.സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കേന്ദ്രം 12.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ നാല് ദിവസമായി സ്വർണ വില കുറയുന്നത്.കൂടാതെ ആഗോള വിപണിയിൽ വിലയേറിയ ലോഹങ്ങളുടെ നിരക്കിൽ ഇടിവുണ്ടായതിനെത്തുടർന്ന് ഇന്ന് സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു.
അതേസമയം, ഏതാനും ദിവസത്തേക്ക് മാറ്റമില്ലാതെ പോയിരുന്ന ഇന്ധന വില വീണ്ടും വർധിച്ചു.പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് ഇന്ന് കൂടിയത്. ഇതോടെ തലസ്ഥാനത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമാണ്.