Kerala

സിഗ്നലിലെ പിഴവ്;മേൽപ്പാലം തുറന്നിട്ടും കുരുക്കഴിയാതെ വൈറ്റില,ജനങ്ങൾ ദുരിതത്തിൽ

കുരുക്കഴിയാതെ വൈറ്റില.മേൽപ്പാലം തുറന്ന് 23 ദിവസം പിന്നിടുമ്പോഴും കുരുക്കിൽപെട്ട് വൈറ്റില ജംഗ്ഷൻ.സ്ഥല പരിമിതിയും സിഗ്നലിലെ പിഴവും മൂലം മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര വളരെ ദുരിതത്തിലായി മാറിയിരിക്കുകയാണ്.എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ട്.

എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് ശേഷം പാലത്തിനടിയിലെ കാഴ്ച്ച പഴയ പടി തന്നെ.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരും മറ്റും സിഗ്നലിൽ കുരുങ്ങുന്നത് ഏറെ നേരം.എറണാകുളം ട്രാഫിഫ് പോലീസ് പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും കുരുക്കഴിക്കാൻ കഴിയുന്നില്ല.

ഇടപ്പള്ളി ഭാഗത്ത് നിന്ന് എത്തുന്ന കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വൈറ്റില ഹബിലേക്ക് പ്രവേശനമില്ല. തൃപ്പൂണിത്തുറയിലേക്കുള്ള റോഡ് കയറി വേണം ഹബ്ബിലേക്ക് കടക്കാൻ.തൊടുപുഴ, പിറവം, കോട്ടയം ഭാഗത്തേക്ക് പോകുന്നവരാണ് കുരുക്കിൽ അകപ്പെടുന്നത്. ഫ്രീ ലെഫ്റ്റ് ഒരുക്കുന്നതിലെ പിഴവാണ് ഈ ഗതാഗത കുരുക്കിന് കാരണം .

പാലത്തിനടിയിലെ റൗണ്ട് എബൗട്ട് ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിയടച്ചിരിക്കുകയാണ്.സിഗ്നൽ ഉണ്ടായിരുന്നിട്ട് കൂടിയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ദിവസവും പാടുപെടുകയാണ് ഇവിടെ.ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിൽ പാലം എത്തിയിട്ടും യാത്ര ദുരിതത്തിന് പരിഹാരമില്ലെന്ന പരാതിയാണ് യാത്രക്കാര്‍ക്കുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *