Kerala

കേരള യാത്രയ്ക്ക് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് നീക്കം;ഘടകകക്ഷി നേതാക്കളോട് തിരുവനന്തപുരത്ത് തുടരാൻ നിർദേശം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് മുമ്പ് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം. ഇതിനെ തുടർന്ന് ഘടകകക്ഷികളുമായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ഇതിനോടകം തന്നെ മുസ്ലിം ലീഗുമായി രണ്ട് റൗണ്ട് അനൗപചാരിക ചര്‍ച്ചകള്‍ നടന്നതായാണ് ലഭിക്കുന്ന വിവരം.ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവരം പുറത്ത് പോയാൽ ചര്‍ച്ച മാറ്റിവെക്കുമെന്നാണ് കോണ്‍ഗ്രസ് ഘടകകക്ഷികള്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.ജനുവരി 31 ന് ആരംഭിക്കുന്ന ചെന്നിത്തലയുടെ കേരള യാത്രയ്ക്ക് മുമ്പ് ഏകദേശ ധാരണ ഉണ്ടാക്കാനാണ് യുഡിഎഫ് ശ്രമം.

ഫെബ്രുവരി പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിൽ സീറ്റ് ചര്‍ച്ചകള്‍ക്കായി ജനുവരി 30 വരെ ഘടകകക്ഷി നേതാക്കള്‍ ഏത് സമയത്തും തിരുവനന്തപുരത്ത് ഉണ്ടാകണമെന്നാണ് മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള നിയമസഭയിലേക്ക് ആകെയുള്ള 140 സീറ്റുകളില്‍ കോണ്‍ഗ്രസ് 87, മുസ്ലിം ലീഗ് 24, കേരള കോണ്‍ഗ്രസ് എം-15, ലോക് താന്ത്രിക് ജനതാദള്‍-7, ആര്‍എസ്പി-5, കേരള കോണ്‍ഗ്രസ് ജേക്കബ് – ഒന്ന്, സിഎംപി -ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞ തവണ മല്‍സരിച്ചത്. ഇതില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗവും എല്‍ജെഡിയും എൽഡിഎഫിലേക്ക് ചേക്കേറി. പകരം ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫ് ഘടകകക്ഷിയുമായി.

അതേസമയം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 30 സീറ്റുകള്‍ വേണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. ഒന്നോ രണ്ടോ സീറ്റ് അധികം ലഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം സൂചന. പാര്‍ട്ടിയിൽ പിളര്‍പ്പ് ഉണ്ടായെങ്കിലും കഴിഞ്ഞ തവണ ലഭിച്ച 15 സീറ്റുകളും വേണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം. പുതിയ യു ഡി എഫ് സഖ്യകക്ഷിയായി എത്തിയ ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *