Kerala

സാന്ത്വന സ്പര്‍ശം: മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലയിലെ പരാതി പരിഹാര അദാലത്ത് 15, 16, 18 തീയതികളില്‍

പത്തനംതിട്ട: ജില്ലയിൽ സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കും. ജില്ലയിലെ അദാലത്തിൽ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. പത്തനംതിട്ടയിൽ ഫെബ്രുവരി 15ന് നടക്കുന്ന അദാലത്തിൽ കോഴഞ്ചേരി, അടൂർ താലുക്കുകളിലെ പരാതികളാണു പരിഗണിക്കുക. കോന്നിയിൽ ഫെബ്രുവരി 16ന് നടക്കുന്ന അദാലത്തിൽ കോന്നി, റാന്നി താലൂക്കുകളിലെ പരാതികളും തിരുവല്ലയിൽ ഫെബ്രുവരി 18ന് നടക്കുന്ന അദാലത്തിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പരാതികളും പരിഗണിക്കും.

ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്കു മുതൽ ഫെബ്രുവരി ഒൻപതിന് വൈകിട്ട് വരെ പരാതികൾ സ്വീകരിക്കും. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ സാന്ത്വന സ്പർശം എന്ന പേരിൽ അദാലത്തുകൾ നടത്തുന്നത്. ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ആദിവാസി വിഭാഗങ്ങളുടെ അടുത്തേക്കു പോയി പരാതി സ്വീകരിക്കും. ഇതിനുള്ള പ്രവർത്തനം ജില്ലാ കളക്ടർ ഏകോപിപ്പിക്കും. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല ജില്ലാ കളക്ടർക്കാണ്.

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ജില്ലാ കളക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ടീമിൽ ഉണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി നൽകാവുന്ന നിലയിൽ പരാതികൾ പരിഹരിക്കും. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ള രീതിയിലാകും. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കും. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകും.

സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും. അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ ജില്ലാ കളക്ടർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. അദാലത്തുമായി ബന്ധപ്പെട്ട് ഇന്ന് വീഡിയോ കോൺഫറൻസിലൂടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *