Kerala

ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ്;പൂക്കോയ തങ്ങൾക്കായി ഇഡി ലുക്കൗട്ട് നോട്ടിസിറക്കും

കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിനായി എത്താത്ത ടി.കെ.പൂക്കോയ തങ്ങൾ, മകൻ എ.പി.ഇഷാം എന്നിവരെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ഇരുവരും സ്ഥലത്തില്ലെന്നറിയിച്ച് നോട്ടിസ് മടങ്ങിയതിനെ തുടർന്നാണ് ഇ.ഡിയുടെ പുതിയ നീക്കം.കേസുമായി ബന്ധപ്പെട്ട് ഇരുപത്തി രണ്ട് ഡയറക്ടർമാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇതുവരെ ആകെ രണ്ടുപേർ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോഴിക്കോട് ഓഫിസിൽ ഹാജരായത്.

കേസിൽ മാനേജിങ് ഡയറക്ടറായിരുന്ന ടി.കെ.പൂക്കോയ തങ്ങളെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തമാകൂ എന്ന നിഗമനത്തിലാണ് ഇ.ഡി.കേസിലെ പയ്യന്നൂർ ശാഖാ മാനേജരായിരുന്ന മകൻ എ.പി.ഇഷാമിന്റെ പങ്കും വലുതാണ്. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടർമാരായ പി.അഷ്റഫ്, പി.കുഞ്ഞബ്ദുള്ള എന്നിവരുെട മൊഴിയിൽ ഇരുവർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ്. എം.സി.കമറുദ്ദീൻ എം.എൽ.എ, പൂക്കോയ തങ്ങൾ, ഇഷാം എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്.

ബാക്കി ഉള്ളവർക്ക് ഡയറക്ടർമാരെന്നത് കടലാസിലെ പദവി മാത്രമായിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരായ ഇരുവരും വ്യക്തമാക്കി. 2007 മുതൽ 2019 വരെ ഡയറക്ടറായിരുന്ന അഷ്റഫ് പതിനൊന്ന് ലക്ഷമാണ് നിക്ഷേപിച്ചിരുന്നത്. ലാഭ വിഹിതമായി പത്ത് ലക്ഷത്തോളം തിരികെ ലഭിച്ചു. കുഞ്ഞബ്ദുള്ളയുടെയും നിക്ഷേപത്തിന്റെ പകുതിയിലധികം ലാഭവിഹിതമായി തിരികെ ലഭിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പലരെയും നിക്ഷേപത്തിന് പ്രേരിപ്പിച്ച് വെട്ടിലായതിന്റെ പ്രതിസന്ധിയിലാണ് ഇരുവരും.

ചോദ്യം ചെയ്യൽ നോട്ടിസ് കൈപ്പറ്റിയ എട്ട് ഡയറക്ടർമാർ കൂടി ഇഡിക്ക് മുന്നിൽ എത്തേണ്ടതുണ്ടെങ്കിലും പലരും ഹാജരാകാൻ സാധ്യത കുറവാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും പൂക്കോയ തങ്ങളെയും മകനെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഇ ഡി ലുക്കൗട്ട് നോട്ടിസിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *