Kerala

കടയ്ക്കാവൂര്‍ പീഡന കേസ്;പ്രതിയായ അമ്മ ഇന്ന് ജയില്‍മോചിതയാകും,അച്ഛന്‍റെ അടുത്ത് നിന്നും കുട്ടിയെ മാറ്റും

കടയ്ക്കാവൂർ പീഡന കേസിൽ ജാമ്യം ലഭിച്ച പ്രതിയായ അമ്മ ഇന്ന് ജയിൽ മോചിതയാകും.ഇവർക്ക് ഇന്നലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബ‌ഞ്ചാണ് കുട്ടിയുടെ അമ്മയായ യുവതിയുടെ ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ഇവർ ജയിലിലായത്.

ഉപാധികളോടെയാണ് കുട്ടിയുടെ അമ്മയായ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഇത് അസാധാരണമായ ഒരു കേസാണിതെന്നും, മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണം.

കൂടാതെ കുട്ടിയെ അച്ഛന്‍റെ അടുത്ത് നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന വളരെ ശ്രദ്ധേയമായ ചില നിർദേശങ്ങളും ജാമ്യ അപേക്ഷ പരിഗണിക്കവെ വനിതാ ജഡ്ജി നടത്തിയിരുന്നു. കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ നിലവിൽ എന്തെന്ന് പരിശോധിക്കണം. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കണം.സംഘത്തിൽ മെഡിക്കൽ കോളേജിലെ വിദഗ്ധരെ ഉൾപ്പെടുത്തണം. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളിൽ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മാതൃത്വത്തിന്‍റെ പരിപാവനത എന്നത് പൂർണമായും അവഗണിക്കപ്പെട്ട കേസാണിതെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. ”മാതൃത്വത്തിന്‍റെ പരിപാവനത പൂർണമായും അവഗണിക്കപ്പെട്ട ഒരു കേസ് ആണിത്. മാതൃസ്നേഹത്തോളം വലിയ ഒരു സ്നേഹവും ഭൂമിയിൽ ഇല്ല. കുഞ്ഞ് പിറക്കുന്നതിനു മുൻപേ ഉരുവം കൊള്ളുന്നതാണ് മാതൃത്വം. ഇത്തരത്തിൽ ഹീനമായ ഒരു കാര്യം ചെയ്യുന്ന ഒരു അമ്മയും അങ്ങനെ വിളിക്കപ്പെടാൻ യോഗ്യയല്ല”,ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടികാട്ടിയത് ഇതൊക്കെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *