Kerala

തില്ലങ്കേരി തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്ത് പിടിത്തവും ഒഴിവാക്കാനായി ശക്തമായ നടപടി ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദ്ദേശം.തിരഞ്ഞെടുപ്പ് നടക്കുന്ന 64 ബൂത്തുകളും സുരക്ഷ ഭീഷണിയുള്ളവയാണ്. ഇവിടങ്ങളിലെല്ലാം അകത്തും പുറത്തും വീഡിയോ ചിത്രീകരണം ഉണ്ടാകണം. ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ആരെയും ബൂത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൂടാതെ സുരക്ഷയ്ക്കായി മതിയായ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി ലിന്‍ഡ ജെയിംസിന്റെ തെരഞ്ഞെടുപ്പ് ഏജന്റ് സമർപ്പിച്ച ഹര്‍ജിയിലാണ് നടപടി. നാളെയാണ് തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നിര്യാണത്തെ തുടര്‍ന്നാണ് തില്ലങ്കേരിയിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്ന ബിനോയ് കുര്യനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എമ്മിലെ പി.പി ദിവ്യയാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ. കല്ല്യാശേരി ഡിവിഷനില്‍ നിന്നാണ് ദിവ്യ ഇക്കുറി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്. പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുതിര്‍ന്ന സി.പി.എം നേതാവ് ഇ.വിജയനെയാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബിനോയ് കുര്യനെയാണ് ജില്ലാ നേതൃത്വം പരിഗണിച്ചത്. നീട്ടിവച്ച തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇ.വിജയന് പകരം ബിനോയ് കുര്യന്‍ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി വരാന്‍ സാധ്യതയുണ്ട്.ജില്ലാ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ 16 ഇടത്ത് എല്‍.ഡി.എഫും ഏഴിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്.

അതേസമയം, തില്ലങ്കേരി ഡിവിഷന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി 19 മുതല്‍ ജനുവരി 21 വൈകിട്ട് അഞ്ച് വരെയും വോട്ടെണ്ണല്‍ ദിവസമായ ജനുവരി 22നും തില്ലങ്കേരി ഡിവിഷനില്‍പ്പെട്ട പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുറക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *