Kerala

എറണാകുളം ബിജെപിയിൽ അച്ചടക്ക നടപടി;15 പേരെ പുറത്താക്കി,34 പേരെ പദവികളില്‍ നിന്ന് നീക്കി

കൊച്ചി:എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപി നേടാൻ സാധിക്കാതിരുന്നത് പാർട്ടിക്കുള്ളിലെ വിമത പ്രവർത്തങ്ങൾക്കാണെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് നടപടി.തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും കൂടാതെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കുമെതിരെയാണ് എറണാകുളം ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചത്.പ്രാഥമിക അംഗത്വത്തില്‍ നിന്നും നാലു നിയോജകമണ്ഡലങ്ങളിലെ 15 പേരെ പാർട്ടി പുറത്താക്കി.

പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത് പറവൂർ. തൃപ്പൂണിത്തുറ, പിറവം, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലാണിത്.കൂടാതെ ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ കഴിഞ്ഞ ദിവസം കയ്യാങ്കളിയിലാണ് അവസാനിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇതിന് നേതൃത്വം നൽകിയവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.അക്രമം നടത്തിയ 10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

പിറവത്ത് ചേർന്ന യോഗത്തിനിടെ ഉദയംപേരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ നേതൃത്വം ഒത്തുകളിച്ചുവെന്ന് ആരോപണവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. മറ്റൊരു വിഭാഗം ഇത് എതിര്‍ത്തു. ഇതേ തുടര്‍ന്ന് ചെറിയ തോതില്‍ ആരംഭിച്ച തർക്കം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *