Kerala

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; പ്രതിദിന യാത്രക്കാർ 25000

ലോക്ക്ഡൗണിന് ശേഷം വീണ്ടും സർവീസ് ആരംഭിച്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ദിനംപ്രതി യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാവുന്നതായാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്.കൊച്ചി മെട്രോ സർവീസുകൾ 2020 സെപ്തംബർ ഏഴിനാണ് പുനരാരംഭിച്ചത്. ആദ്യ ദിനത്തിൽ 4408 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരി 9ന് ഇത് 25162 യാത്രക്കാരായി വർധിച്ചിരുന്നു. കണക്കുകൾ അനുസരിച്ച് സെപ്തംബർ ഏഴു മുതൽ ജനുവരി 13 വരെയുള്ള 16.90 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തു.

പൊതു ഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിന് കഴിഞ്ഞ അഞ്ച് മാസകാലമായി കൊച്ചി മെട്രോ വിവിധ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.ആദ്യാവസാന സ്ഥാനങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മെട്രോ സ്റ്റേഷനുകളിൽ ഫീഡർ ഓട്ടോ സർവീസുകൾ പ്രവർത്തനം ആരംഭിച്ചു. കളമശേരിക്കും കാക്കനാടിനുമിടയിൽ ഫീഡർ ബസ് സർവീസുകളും തുടങ്ങി. വിമാന യാത്രക്കാർക്ക് തടസരഹിതമായ കണക്ടിവിറ്റി നൽകുന്നതിനായി പവൻദൂത് എന്ന പേരിൽ അലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ സേവനങ്ങളും ആരംഭിച്ചിരുന്നു.

മറ്റൊരു സുപ്രധാന നീക്കവും മെട്രോയുടെ ഭാഗത്ത് നിന്നുണ്ടായി. മെട്രോ ട്രെയിനുകളിൽ സൈക്കിൾ കയറ്റാൻ യാത്രക്കാരെ അനുവദിച്ചതായിരുന്നു.സെപ്തംബറിൽ സർവീസ് പുനരാരംഭിക്കുമ്പോൾ രാവിലെ 7 മുതൽ രാത്രി 9 വരെയായിരുന്നു മെട്രോ സർവീസ്. പൊതുജനങ്ങളുടെ ആവശ്യ പ്രകാരം പിന്നീട് ഇത് ആറു മുതൽ പത്തു വരെയാക്കി വർധിപ്പിച്ചു. തിരക്ക് വർധിക്കുന്ന സമയങ്ങളിൽ സർവീസുകൾ തമ്മിലുള്ള ഇടവേള പത്തു മിനുറ്റിൽ നിന്ന് ഏഴു മിനുറ്റായി ചുരുക്കുകയും ചെയ്തത് മെട്രോയ്ക്ക് നേട്ടമായി .കോവിഡ് മാർഗ നിർദേശങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, മുട്ടത്തുള്ള ഓപ്പറേഷൻ കൺട്രോൾ സെന്ററിലെ കേന്ദ്രീകൃത നിരീക്ഷണ റൂമിൽ നിന്നും യാത്രക്കാരുടെ ഡാറ്റ കെഎംആർഎൽ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.കൊച്ചി മെട്രോയിലെ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കെഎംആർഎൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *