കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തുന്ന പൊതുവാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ വിമാനത്താവള പരിസരത്ത് 20ന് സത്യഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിമാനത്താവളത്തില്‍ കഴിഞ്ഞ ജൂലായ് 25 മുതലാണ് പ്രവേശന ഫീസ് ഈടാക്കി തുടങ്ങിയത്.മിനിമം ടാക്സി 200, ടാക്സി 300, മിനിബസ് 750, ബസ് 1000 എന്നിങ്ങനെയാണ് ആദ്യം ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. ഇതിനെതിരെ മോട്ടോര്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ശക്തമായ സമരം നടത്തി.പ്രതിഷേധം ശക്തമായതോടെ പ്രവേശന ഫീസ് പിരിക്കുന്നത് നിര്‍ത്തിവെച്ചു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം യാതൊരു അറിയിപ്പും നല്‍കാതെ 50 രൂപ കുറച്ചുകൊണ്ട് പ്രവേശന ഫീസ് വീണ്ടും ഈടാക്കുന്ന നടപടിയാണ് കിയാല്‍ സ്വീകരിച്ചത്.
യൂണിയന് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുകയും വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു.തുടര്‍ പ്രവര്‍ത്തനം എന്ന രീതിയില്‍ പ്രവേശന ഫീസ് സ്റ്റേ ചെയ്ത് കിട്ടാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തുവെങ്കിലും കേസ് തുടര്‍ച്ചയായി മാറ്റിവെക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതിനാലാണ് യൂണിയന്റെ നേതൃത്വത്തില്‍ വിമാനത്താവള പരിസരത്ത് സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. ജയരാജന്, ജനറല്‍ സെക്രട്ടറി കെ. ബാബുരാജ്, ട്രഷറര്‍ എ. ചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.കെ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.