Kerala

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം;രണ്ട് സ്ഥാപനങ്ങൾ പൂർണ്ണമായി കത്തി നശിച്ചു

എറണാകുളം: എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളിലും റബ്ബർ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിത്തം ഉണ്ടായത് . മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്.മുപ്പതിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.

കമ്പനിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് തീ പടർന്ന് പിടിച്ചത്.ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതോടെ തൊഴിലാളികൾ അവിടെ നിന്നും ഓടി രക്ഷപെട്ടതിനാൽ ആളപായം ഒഴിവായി.

ആദ്യം തീ പിടിച്ച ഓറിയോണിൽ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറൽ കെമിക്കൽസ്, ശ്രീ കോവിൽ റബ്ബർ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്ന് പിടിച്ചത്.എന്നാൽ ഇതിന് സമീപത്തെ ഓയിൽ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കൊച്ചി നഗരത്തില്‍ നിന്നും ആലുവ ,പറവൂര്‍ ,അങ്കമാലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തിയത്.

എടയാർ വ്യവസായ മേഖലയിൽ 450 ഏക്കറിൽ മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.തീ പിടിത്തം ഉണ്ടായ സ്ഥാപനങ്ങളിൽ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *