Kerala

നാളെ മകരവിളക്ക്;ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പത്തനംതിട്ട:അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരവിളക്കും നാളെ നടക്കും.ഇതിന് വേണ്ട എല്ലാവിധ ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായി.കോവിഡ് പ്രോട്ടോകോൾ പാലിച്ച് കർശന സുരക്ഷയോടെയാണ് ഇത്തവണ മകര വിളക്ക്. മകരവിളക്ക് ദർശിക്കാൻ സന്നിധാനത്തിന്റെ മറ്റു മേഖകളിൽ ഭക്തരെ താങ്ങാൻ അനുവദിക്കില്ല.കൂടാതെ മകരവിളക്ക് ദർശിക്കാനായി ആളുകൾ എത്തുന്ന പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.സുരക്ഷയുടെ ഭാഗമായി 400 പോലീസ് ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനത്തിന് പുറമെ പമ്പയിലും നിലയ്ക്കലും എല്ലാം മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ കർശനമാക്കിയിട്ടുണ്ട്.

പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.നാളെ പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.മകര സംക്രമ പൂജ 8.14 ഓടെ നടക്കും.തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്നിട്ടുള്ള നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം നടത്തി മകര സംക്രമ പൂജ നടക്കും.നാളെ വൈകീട്ട് ദേവസ്വം പ്രതിനിധികൾ തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ സ്വീകരിക്കും. തുടർന്ന് സന്നിധാനത്ത് എത്തുന്ന തിരുവാഭരണ പേടകത്തിന് പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരത്തിന് ചുവട്ടിൽ വെച്ച് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവർ ചേർന്ന് ആചാരപ്രകാരം സ്വീകരണം നൽകും.

തുടർന്ന് തിരുവാഭരണ പേടകത്തിലെ പ്രധാന പേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.പന്തളത്ത് നിന്ന് ഘോഷയാത്രയായി കൊണ്ടുവന്ന തിരുവാഭരണം 6.30 ഓടെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള മഹാ ദീപാരാധന നടക്കും.സന്നിധാനത്തെ ദീപാരാധന കഴിയുമ്പോൾ പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര ജ്യോതിയും തെളിയും.ശബരിമല നട 20 ന് അടയ്ക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *