Kerala

ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെണ്‍കുട്ടിയുടെ മരണം;മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി:പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത പെൺകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. കാക്കനാട് ചിൽഡ്രൻസ് ഹോമിനു മുന്നിൽ പെൺകുട്ടിയുടെ മൃതദേഹവുമായാണ് ഇവരുടെ പ്രതിഷേധം. പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കാലടി സ്വദേശിനിയായ 14 വയസ്സുകാരി കഴിഞ്ഞദിവസമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ സമിതിയുടെ നിയന്ത്രണത്തിലുള്ള പച്ചാളത്തെ സ്ഥാപനത്തിലാണ് താമസിപ്പിച്ചിരുന്നത്. അതേസമയം പെൺകുട്ടിയ്ക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായും മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

2018 മാർച്ചിൽ പീഡനത്തിന് ഇരയായ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തശേഷം സ്വകാര്യ കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാനായി എത്തിയ മുത്തശ്ശിക്ക് അതിനു കഴിഞ്ഞില്ലെന്നും ആരോപിക്കുന്നു. പീഡനക്കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പെൺകുട്ടിയുടെ മരണം. ഇതാണ് നാട്ടുകാരിലും സംശയമുണർത്തുന്നത്. അസുഖമായിട്ടും അധികൃതർ ആരെയും വിവരമറിയിച്ചില്ലെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ആംബുലൻസിലാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്കാണ് എത്തിച്ചത്. എന്നാൽ മൃതദേഹം ആംബുലൻസിൽനിന്നിറക്കാൻ സമ്മതിക്കാതെയായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *