തിരുവനന്തപുരം: തിരുവനന്തപുരം അടക്കമുള്ള തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് സംസ്ഥാനത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നൽ കൂടുതൽ സജീവമാകാൻ സാധ്യത.
24 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.സംസ്ഥാന തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.കേരള തീരത്ത് നിന്നും മാറി ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കന്യാകുമാരി പ്രദേശങ്ങളിലും മോശം കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അലേർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.