Kerala

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും;മകര വിളക്ക് 14ന്

മകര സംക്രമ ദിവസം അയ്യപ്പന് ചാർത്തനുള്ള തിരുവാഭരണങ്ങൾ പന്തളത്തു നിന്നു ഇന്ന് പുറപ്പെടും.മകര വിളക്ക്14നാണ്.പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ ശിരസ്സിലേറ്റി കാൽനടയായി ശബരിമലയിലേക്ക് എത്തുന്നത്.

പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം രാജ പ്രതിനിധി ഇത്തവണ ഘോഷയാത്രയിൽ പങ്കെടുക്കില്ല.പന്തളത്ത് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഇതോടെ ഒഴിവാക്കി. ഇന്ന് 11.45ന് ആഭരണങ്ങൾ വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ആചാരപരമായ ചടങ്ങുകൾ നടക്കും. 12.55ന് നീരാജനമുഴിഞ്ഞു തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നള്ളിച്ച് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ശിരസ്സിലേറ്റും.

പന്തളം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന തിരുവാഭരണം പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തും.തിരുവാഭരണവും വഹിച്ചുള്ള സംഘം ആദ്യ ദിവസം പുതിയകാവ് ക്ഷേത്രത്തിൽ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനം വകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാ സംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാട്ട് വഴികളിലൂടെയാണ് ഘോഷയാത്ര കടന്നുപോകുന്നത്.

തുടർന്ന് അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് 14ന് വൈകീട്ടോടെ സംഘം ശബരിമലയിൽ എത്തിച്ചേരും. തിരുവാഭരണങ്ങൾ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം ഈ വർഷം തിരുവാഭരണ വാഹക സംഘാംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. മറ്റ് ഭക്തർക്ക് കോവിഡ് നിയന്ത്രണങ്ങൾ കാരണം തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *